എസ്പിസി പരിശീലനത്തിന് വിരമിച്ച എസ്ഐമാരും
1435042
Thursday, July 11, 2024 1:31 AM IST
അനുമോൾ ജോയ്
കണ്ണൂർ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) പരിശീലനത്തിന് വിരമിച്ച എസ്ഐമാരും. ബറ്റാലിയനുകളിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരെയാണ് എസ്പിസി വിദ്യാർഥികൾക്ക് ക്ലാസെടുക്കാൻ നിയോഗിച്ചിരിക്കുന്നത്. വിരമിച്ച ഉദ്യോഗസ്ഥരെ എസ്പിസി പരിശീലനത്തിന് നിയമിക്കണമെന്ന് നേരത്തെ ഉത്തരവുണ്ടായിരുന്നെങ്കിലും പലയിടത്തും പാലിച്ചിരുന്നില്ല. എന്നാൽ, പോലീസ് ഉദ്യോഗസ്ഥർക്ക് ജോലിഭാരം കാരണം എസ്പിസി കേഡറ്റുകളെ ശ്രദ്ധിക്കാൻ കഴിയാതെ വന്നതോടെയാണ് വിരമിച്ച ഉദ്യോഗസ്ഥരെ നിയമിക്കാൻ തീരുമാനിച്ചത്.
2010 ലാണ് എസ്പിസി പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാനത്ത് 998 സ്കൂളുകളിലാണുള്ളത്. സ്കൂളിനോട് ചേർന്ന സ്റ്റേഷനിലെ പോലീസുകാർക്കായിരുന്നു പരിശീലനച്ചുമതല. ആഴ്ചയിൽ രണ്ടു ദിവസം പോലീസുകാർ സ്കൂളിലെത്തി ഫിസിക്കൽ ട്രെയിനിംഗ്, പരേഡ് പരിശീലനം തുടങ്ങിയവ നൽകും. പോലീസുകാർക്ക് പുറമെ പ്രത്യേകം പരിശീലനം ലഭിച്ച രണ്ടു കമ്യൂണിറ്റി പോലീസിംഗ് പോസ്റ്റിലുള്ള അധ്യാപകരുമുണ്ട്. തുടക്കത്തിൽ എസ്പിസിയുള്ള സ്കൂളുകൾ കുറവായിരുന്നു. എണ്ണം വർധിച്ചതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായി സ്കൂളുകളിലെത്തി പരിശീലനം നൽകാൻ സാധിക്കാതെ വന്നു.
വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് മാസത്തിൽ 3000 രൂപയാണ് അലവൻസായി ലഭിക്കുന്നത്. അറുപത് വരെയാണ് പ്രായപരിധി. സർക്കാർ എസ്പിസിയുടെ പ്രവർത്തനങ്ങൾക്ക് 15 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കേഡറ്റുകളുടെ യൂണിഫോം, ഭക്ഷണച്ചെലവ് തുടങ്ങിയവ ഇതിൽ അധികമാകുന്നുണ്ടെന്നും അതുകൊണ്ട് പ്രവർത്തനങ്ങൾ ശരിയായി നടത്താൻ സാധിക്കുന്നില്ലെന്നും നേതൃത്വം നൽകുന്നവർ പറയുന്നത്.