ജൽജീവൻ മിഷൻ പദ്ധതി: കുഴികൾ അപകടക്കെണിയാകുന്നു
1434954
Wednesday, July 10, 2024 8:28 AM IST
പേരട്ട: പേരട്ട കല്ലൻതോട് യുപി സ്കൂളിന് സമീപം ജൽജീവൻ മിഷൻ പദ്ധതിയിൽ പൈപ്പിടാൻ എടുത്ത കുഴികൾ അപകടക്കെണിയാകുന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അപകടഭീതിയിലാണ് സഞ്ചരിക്കുന്നത്. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന ഈ മേഖലയിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുന്പോൾ റോഡരികിൽ മാറി നിൽക്കാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്.
കുന്നിൻ പ്രദേശത്തു നിന്നും മണ്ണും ചെളിയും ഒലിച്ചു വന്ന് സ്കൂളിനു മുന്നിൽ അടിഞ്ഞു കൂടിയ നിലയിലാണ്. റോഡിൽ മണ്ണ് നിറഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. നാട്ടുകാരുടെ ശ്രമഫലമായി ജെസിബി ഉപയോഗിച്ചണ് റോഡിലെ മണ്ണ് നീക്കം ചെയ്തത്.
പ്രദേശവാസികളും സ്കൂൾ അധികൃതരും മഴയ്ക്കു മുന്പ് തന്നെപണി പൂർത്തിയാക്കണമെന്ന് വാട്ടർ അഥോറിറ്റി അധികൃതരോടും കരാറുകാരനോടും ആവശ്യപ്പെട്ടിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം.