വേനലും മഴയും ഇരട്ടച്ചതിയായി; മലയോരത്തിനു വരുമാന നഷ്ടം
1431193
Monday, June 24, 2024 1:05 AM IST
ആലക്കോട്: കടുത്തവേനലും പിന്നാലെയെത്തിയ മഴയും ചതിച്ചതോടെ മലയോര മേഖലയിലെ കാർഷികോത്പാദനം കുത്തനെ കുറഞ്ഞു. പതിവിൽ കവിഞ്ഞ വേനൽച്ചൂടാണ് ഇത്തവണ കാർഷികമേഖല നേരിട്ടത്. വെള്ളത്തിനും കടുത്തക്ഷാമമുണ്ടായി. വെള്ളം കിട്ടാതെയും ചൂടിന്റെ കാഠിന്യത്താലും കാർഷികവിളകൾ കരിഞ്ഞുണങ്ങിയിരുന്നു. പിന്നാലെയെത്തിയ വേനൽമഴയും കർഷകരെ ചതിച്ചു. മേയിൽ ഇടതടവില്ലാതെ വേനൽമഴ പെയ്തപ്പോൾ ഇതും കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കി.
പ്രതിസന്ധിലായി
ഏത്തവാഴ കർഷകർ
ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത വാഴക്കൃഷികളിൽ ഭൂരിഭാഗവും കടുത്ത വേനലിൽ കരിഞ്ഞുണങ്ങിയിരുന്നു. വേനൽച്ചൂടിൽ ഏത്തവാഴകൾ ജലാംശമില്ലാതെ വാടി ഒടിയുകയാണ് ചെയ്തതെങ്കിൽ വേനൽ മഴയ്ക്കൊപ്പമുള്ള ശക്തമായ കാറ്റാണ് അവശേഷിച്ചിരുന്ന വാഴകളെ നശിപ്പിച്ചത്. സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തുമാണ് പലരും വാഴക്കൃഷി നടത്തിയത്. കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന ഇവരെസഹായിക്കാൻ ഭരണകൂടം തയാറായില്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗമില്ലെന്നാണ് കർഷകർ പറയുന്നത്.
ചതിയിൽപെട്ട് റബർ
കർഷകരും തൊഴിലാളികളും
കനത്ത വേനലും കടുത്ത മഴയും റബർ കർഷകരെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. റബർ വില ഉയർന്നെങ്കിലും അതിന്റെ ഗുണം ഇപ്പോഴും ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്. വേനലും കടുത്ത ചൂടും മൂലം തോട്ടങ്ങളിൽ മാസങ്ങൾക്കു മുന്പേ ടാപ്പിംഗ് നിലച്ചിരുന്നു. ഉത്പാദനം കുറഞ്ഞതോടെ കർഷകരും തൊഴിലാളികളും ഒരേപോലെ ബുദ്ധിമുട്ടിലാണ്. മേയ് തുടക്കത്തിൽ മഴ പെയ്തു തുടങ്ങിയതോടെ കർഷകർക്ക് റെയിൻഗാർഡ് പിടിപ്പിക്കാൻ പോലും സമയം കിട്ടാതായി. നേരത്തെ മഴയാരംഭിക്കുന്നതിന് മുന്പ് റെയിൻഗാർഡ് പിടിപ്പിച്ച് മഴക്കാലത്തും ടാപ്പിംഗ് നടത്തിയിരുന്ന കർഷകരും തൊഴിലാളികളും ഇതോടെ മഴക്കാലത്തും ഒരു വരുമാനവും ലഭിക്കാത്ത അവസ്ഥയിലാണ്.
കിഴങ്ങ്-കുരുമുളക് കർഷകർ
കാർഷിക കലണ്ടർ തകിടം മറിഞ്ഞതോടെ കിഴങ്ങ്-ഫലവർഗ കർഷകരുടെയും പ്രതീക്ഷകളും താളം തെറ്റി. കിഴങ്ങുവർഗങ്ങളും ഇഞ്ചിയും കൃഷി ചെയ്തവർക്ക് സമയത്ത് കൃഷിയിറക്കാനായിട്ടില്ല. ചേമ്പ്, ചേന, മരച്ചീനി കർഷകരും സമാന അവസ്ഥയിലാണ്. കാട്ടുമൃഗങ്ങൾ ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിച്ചാണ് കിഴങ്ങുവർഗ കൃഷി പലരും നടത്തിവരുന്നത്.
ഇതിനിടെയാണ് കാലാവസ്ഥയും ചതിച്ചത്. കുരുമുളക് കർഷകരെ വേനൽ സാരമായി ബാധിച്ചു. വള്ളികൾ പലതും കരിഞ്ഞുണങ്ങിയ നിലയിലാണ്. ഇതോടെ ഉത്പാദനം ഗണ്യമായി കുറയും. ജാതി, കൊക്കോ, അടയ്ക്ക കർഷകർക്കും ഉത്പാദന നേട്ടമില്ല. ചക്ക, മാങ്ങ എന്നിവയും ഇക്കുറി കുറവാണ്.