ശന്പള പരിഷ്കരണമില്ല; മിൽമ ജീവനക്കാരുടെ പണിമുടക്ക് 25 മുതൽ
1430727
Saturday, June 22, 2024 1:01 AM IST
കണ്ണൂർ: ശന്പള പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മിൽമ ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്. 25 മുതൽ സംസ്ഥാന വ്യാപകമായി പണിമുടക്കാനാണ് ഐഎൻടിയുസി, സിഐടിയു, എഐടിയുസി സംഘടനകൾ ഉൾപ്പെട്ട സംയുക്ത സമരസമിതിയുടെ തീരുമാനം. സംസ്ഥാനത്തെ മുഴുവൻ ഡയറികളിലെയും ജീവനക്കാർ പണിമുടക്കുമെന്ന് ട്രേഡ് യൂണിയനുകൾ അറിയിച്ചു.
പ്ലാന്റുകളുടെ പ്രവർത്തനം സ്തംഭിച്ചാൽ സൊസൈറ്റികൾ പാൽ ശേഖരണം നിർത്തേണ്ടിവരും. സമരം തുടർന്നാൽ പാൽ നൽകാൻ കഴിയാതെ ക്ഷീരകർഷകരും പാൽ ലഭിക്കാതെ ഉപഭോക്താക്കളും പ്രതിസന്ധിയിലാകും. 2021 ജൂലൈ ഒന്നിനാണ് മിൽമയിൽ ശന്പള പരിഷ്കരണം നിലവിൽ വരേണ്ടിയിരുന്നത്. ഇത് നീണ്ടുപോയപ്പോൾ ജീവനക്കാർ പ്രതിഷേധിച്ചതിനെ തുടർന്ന് 2023 മേയ് ഒന്പതിന് അഡീഷണൽ ലേബർ കമ്മീഷണറുടെ സാന്നിധ്യത്തിൽ മിൽമ മാനേജ്മെന്റും അംഗീകൃത തൊഴിലാളി സംഘടനാ ഭാരവാഹികളും ചർച്ച നടത്തുകയും ശന്പള പരിഷ്കരണ കരാർ ഒപ്പിടുകയും ചെയ്തു.
ഒരുവർഷത്തിലേറെ പിന്നിട്ടിട്ടും പുതുക്കിയ ശന്പളം നൽകാൻ മിൽമ മാനേജ്മെന്റ് തയാറായിട്ടില്ലെന്നു തൊഴിലാളി യൂണിയനുകൾ പറയുന്നു. ഡിഎ കുടിശികയും നൽകാനുണ്ടെന്നും യഥാസമയം സ്ഥാനാക്കയറ്റം നൽകുന്നില്ലെന്നും ജീവനക്കാർ പരാതിപ്പെട്ടു. പ്രമോഷൻ പോളിസി, സ്റ്റാഫ് പാറ്റേൺ എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കാനും ശ്രമമുണ്ടാകുന്നില്ലെന്നു യൂണിയനുകൾ പറയുന്നു.