രോഗങ്ങൾ പടർന്നുപിടിക്കുമ്പോൾ ഡോക്ടർമാരുടെ സേവനം വിരളം
1430711
Saturday, June 22, 2024 1:01 AM IST
ചപ്പാരപ്പടവ്: കാലവർഷം ആരംഭിക്കുകയും രോഗങ്ങൾ പടർന്നു പിടിക്കുകയും ചെയ്തിട്ടും ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് മലയോര മേഖലയ്ക്ക് ദുരിതമായി മാറി. കാലാവസ്ഥ മാറിയതോടെ രോഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ചപ്പാരപ്പടവ്, നടുവിൽ, ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ രോഗികളുടെ അഭയകേന്ദ്രമാണ് ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രം.
മെഡിക്കൽ ഓഫിസറടക്കം മൂന്ന് സ്ഥിരം ഡോക്ടർമാരാണ് നിലവിലുള്ളത്. എന്നാൽ, ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ ഡോക്ടറുടെ സേവനം ലഭ്യമല്ല. മുന്പ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഒരു ഡോക്ടറെ ഒടുവള്ളിത്തട്ട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് നൽകിയിരുന്നു. നിലവിൽ ആ ഡോക്ടർ അവധിയിൽ പോയതിനാൽ ഉച്ചയ്ക്ക് ശേഷം ഒപി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല.
ദിനംപ്രതി ഇരുന്നൂറിലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സയ്ക്കായി എത്താറുണ്ട്. മുൻപ് രാത്രി ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. എന്നാൽ, പിന്നീട് അതും ഇല്ലതായി. ഇതിന് പുറമെ ആവശ്യത്തിന് നഴ്സിംഗ് പാരമെഡിക്കൽ ജീവനക്കാരും ആശുപത്രിയിൽ ഇല്ല. നിലവിൽ ഉണ്ടായിരുന്ന രണ്ട് നഴ്സിംഗ് അസിസ്റ്റന്റുമാരിൽ ഒരാൾ വിരമിച്ചതിന് ശേഷം വേറെ നിയമനവും നടന്നിട്ടില്ല. രാത്രി സമയത്ത് ഡോക്ടറില്ലാത്തത് ജനങ്ങൾക്ക് ഏറെ പ്രയാസമാകുന്നു. വർഷംതോറും ആശുപത്രിക്ക് വേണ്ടി ലക്ഷങ്ങൾ മുടക്കി നിരവധി കെട്ടിടങ്ങൾ പണിയുന്നതല്ലാതെ ആവശ്യമായ ജീവനക്കാരെ നിയമിക്കാത്തത് മലയോര മേഖലയോടുള്ള അവഗണനയാണ്.