വാഗ്ദാന ലംഘനങ്ങൾ ഇടത് സർക്കാരിന്റെ മുഖമുദ്ര: അപു ജോൺ ജോസഫ്
1600060
Thursday, October 16, 2025 2:01 AM IST
പയ്യാവൂർ: വാഗ്ദാന ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് എൽഡിഎഫ് സർക്കാരിന്റെ ഏക ഭരണ നേട്ടമെന്ന് കേരള കോൺഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ്. പയ്യാവൂർ വ്യാപാര ഭവനിൽ നടന്ന കേരള കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തുടർച്ചയായി പുകമറകൾ സൃഷ്ടിച്ച് ഇടതു സർക്കാരിന്റെ ഭരണ പരാജയങ്ങളിൽ നിന്നും ജനദ്രോഹ നടപടികളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും അപു പറഞ്ഞു.
നിയോജകമണ്ഡലം പ്രസിഡന്റ് സാബു മണിമല അധ്യക്ഷ വഹിച്ചു. കേരള കോൺഗ്രസ് വൈസ് ചെയർമാൻമാരായ കെ.എ. ഫിലിപ്പ്, ജോസഫ് മുള്ളൻമട, നേതാക്കളായ റോജസ് സെബാസ്റ്റ്യൻ, ജോർജ് കാനാട്ട്, ജോൺ ജോസഫ്, ജെയിംസ് പന്ന്യാംമാക്കൽ, വർഗീസ് വയലാമണ്ണിൽ, മാത്യു ചാണക്കാട്ടിൽ, ടെൻസൺ ജോർജ്, ജോസ് വണ്ടാക്കുന്നേൽ, ഷീബ തെക്കേടത്ത്, ഒ.എസ്. ലിസി, കെ.ജെ. മത്തായി, തോമസ് കളപ്പുര എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ മുതിർന്ന മാധ്യമ പ്രവർത്തകനായ തോമസ് അയ്യങ്കാനാലിനെ ആദരിച്ചു. പുതുതായി പാർട്ടിയിലേക്കെത്തിയ പ്രവർത്തകർക്ക് സ്വീകരണവും നൽകി.