മാഹിയമ്മയുടെ അനുഗ്രഹം തേടി ആയിരങ്ങളുടെ ശയന പ്രദക്ഷിണം
1600069
Thursday, October 16, 2025 2:01 AM IST
മാഹി: സെന്റ് തെരേസാ ബസിലിക്ക തിരുനാളിന്റെ ഭാഗമായി ഇന്നലെ ആത്മീയ വിശുദ്ധിയുടെ അടയാളമായ ശയന പ്രദക്ഷിണം നടന്നു. വിശുദ്ധ അമ്മത്ര്യേസ്യയുടെ അനുഗ്രഹം തേടി വ്രതാനുഷ്ഠാനത്തോടെ ആയിരങ്ങൾ പള്ളിയുടെ മുന്നിലെ പ്രധാന റോഡിൽ ശയനപ്രദക്ഷിണം നടത്തി.
ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ടിന്റെ കാർമികത്വത്തിൽ പുലർച്ചെ രണ്ടോടെ ആരംഭിച്ച ചടങ്ങുകൾ രാവിലെ ഏഴിനു സമാപിച്ചു. വിവിധ മതസ്ഥരായ വിശ്വാസികൾ നടത്തിയ ശയനപ്രദക്ഷിണം പള്ളി പരിസരത്തെ പുലർകാലം മുതൽ ഭക്തി സാന്ദ്രമാക്കി.
സെമിത്തേരി റോഡ് മുതൽ പള്ളിയുടെ പ്രധാന കവാടം വരെ കർശനമായ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ വിശ്വാസികൾക്ക് ബുദ്ധിമുട്ടുകളില്ലാതെ ശയന പ്രദക്ഷിണം നിർവഹിക്കാൻ സാധിച്ചു.
രാവിലെ നടന്ന ദിവ്യബലിക്ക് കോഴിക്കോട് ആർച്ച്ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ കാർമികത്വം വഹിച്ചു. മനുഷ്യരിൽ ദൈവത്തിന്റെ ഛായയുള്ളത് നമ്മൾ കാണാതെ പോകരുതെന്ന് ദിവ്യബലിയർപ്പിച്ച് ആർച്ച്ബിഷപ് പറഞ്ഞു.
വിശുദ്ധ അമ്മ ത്രേസ്യ എല്ലാവരിലും ദൈവികത കണ്ടെത്തിയവളായിരുന്നു. ഈ ദർശനം എല്ലാവരും ഉൾക്കൊണ്ടാൽ സംഘർഷം, യുദ്ധം എന്നിവ ഇല്ലാതായി സ്നേഹത്തിന്റെ സംസ്കാരം കൈവരുമെന്നും ആർച്ച്ബിഷപ് ചക്കാലക്കൽ പറഞ്ഞു. ഈ മാസം അഞ്ചിന് കൊടിയേറിയ തിരുനാൾ ആഘോഷം 22 ന് ഉച്ചതിരിഞ്ഞ് സമാപിക്കും.