കടല്‍ കാക്കാന്‍ കരുത്തുമായ് 206 പേര് കൂടി
1425142
Sunday, May 26, 2024 8:40 AM IST
ഏഴിമല: പ്രതിസന്ധികളില്‍ തളരാതെ പ്രതിരോധം തീര്‍ക്കാനും രാജ്യത്തിന്റെ കടലതിരുകൾ കാക്കാനുമായി 206 പേർ കൂടി ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി നാവിക സേനയുടെ ഭാഗമായി. പാസിംഗ് ഔട്ട് പരേഡിൽ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരി സല്യൂട്ട് സ്വീകരിച്ചു.
ഫ്ലാഗ് ഓഫീസര്‍ കമാന്‍ഡിംഗ്-ഇന്‍-ചീഫ് സതേണ്‍ നേവല്‍ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ വി.ശ്രീനിവാസ്, ഐഎന്‍എ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ വിനീത് മക്കാര്‍ട്ടി എന്നിവരും പങ്കെടുത്തു. പരിശീലനം പൂർത്തിയാക്കിയവരിൽ 34 പേർ വനിതകളാണ്. ഇന്ത്യയുടെ സൗഹൃദ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള പത്തു കേഡറ്റുമാരും ഇവർക്കൊപ്പം പാസിംഗ് ഔട്ട് നടത്തി.
ഇന്ത്യന്‍ നേവല്‍ അക്കാഡമി കോഴ്സ്, നേവല്‍ ഓറിയന്റേഷന്‍ കോഴ്സുകള്‍, നേവല്‍ ഓറിയന്റേഷന്‍ കോഴ്സ് (കോസ്റ്റ് ഗാര്‍ഡ് ആൻഡ് ഫോറിന്) എന്നിവയില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡാണ് ഇന്നലെ നടന്നത്. മിഡ്ഷിപ്പ്മാന്‍ പിന്റിയ പ്രദീപ് കുമാര്‍ റെഡ്ഡി രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ നേടി. പഠനത്തിലും പ്രകടനത്തിലും വിവിധ കായിക രംഗത്തെ മികവുകള്‍ക്കുമായി തെരഞ്ഞെടുക്കപ്പെട്ട മെഡല്‍ ജേതാക്കള്‍ക്ക് വ്യോമസേനാ മേധാവി മെഡലുകള്‍ സമ്മാനിച്ചു. പാസിംഗ് ഔട്ട് ട്രെയിനികളെയും മെഡല്‍ ജേതാക്കളെയും ചാമ്പ്യന്‍ സ്ക്വാഡ്രനെയും അവരുടെ കഠിനാധ്വാനത്തെയും പ്രവര്‍ത്തനത്തെയും നാവികസേനാ മേധാവി അഭിനന്ദിച്ചു. സൈനികരായി രാജ്യസേവനത്തില്‍ പ്രതിജ്ഞാബദ്ധരാകുന്നതിന് പ്രാപ്തരാക്കിയ മാതാപിതാക്കളെയും അഭിനന്ദിച്ചു.
വിദേശ രാജ്യങ്ങളിലെ കേഡറ്റുകളെ ഉള്‍പ്പെടുത്തിയുള്ള പരിശീലനം ഇന്ത്യയുടെ വിദേശ സഹകരണത്തെ ശക്തിപ്പെടുത്തുമെന്നും പുരുഷ-വനിതാ വേര്‍തിരിവില്ലാത്ത പരിശീലന രീതി ഇന്ത്യന്‍ നാവികസേനയിലെ ഒരു നാഴികക്കല്ലായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാവികസേനയുടെ യശസുയര്ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലുമായി വലിയ ഉത്തരവാദിത്വമാണ് രാഷ്ട്രം നിങ്ങളുടെമേല്‍ ഏല്‍പ്പിക്കുന്നതെന്ന് അദ്ദേഹം കേഡറ്റുകളെ ഓർമിപ്പിച്ചു.