വ്യാജപരസ്യം നല്കുന്ന ആയുർവേദ സ്ഥാപനങ്ങൾക്കെതിരേ നടപടിയില്ലെന്ന്
1425138
Sunday, May 26, 2024 8:36 AM IST
കണ്ണൂർ: ആരോഗ്യസംരക്ഷണം സുപ്രീംകോടതി മൗലിക അവകാശമായി ഉത്തരവിട്ടിട്ടും സംസ്ഥാന ആരോഗ്യ വകുപ്പ് ഉറക്കം നടിക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ലിയോനാർഡ് ജോൺ. കേരളത്തിൽ സ്വന്തം ഉത്പന്നങ്ങൾ സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ നൂറുകണക്കിന് ആയുർ വേദ പരസ്യങ്ങളാണ് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ ഡ്രഗ്സ് ആൻഡ് കോസ്മറ്റിക് ആക്ട് 170 ബി പ്രകാരം കേസെടുക്കാതെ സംസ്ഥാന ഡ്രഗ്സ് വകുപ്പ് അവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വൻ അഴിമതിയാണ് ഇതിന് പിന്നിലെന്നും ലിയോനാർഡ് ജോൺ പറഞ്ഞു.
കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയുർവേദ ഉത്പന്നങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്വം ഡ്രഗ് ഇൻസ്പെക്ടർമാർ ക്കാണ്. എന്നാൽ 30 ഇൻസ്പെക്ടർമാർ വേണ്ട കേരളത്തിൽ നിലവിൽ നാലുപേർ മാത്രമാണുള്ളത്. തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ ആവശ്യത്തിൽ കൂടുതൽ ഇൻസ്പെക്ടർമാരും പരിശോധനാ സംവിധാനവും ഉണ്ടെങ്കിലും കേരളത്തിലെ ആരോഗ്യവകുപ്പ് കാണിക്കുന്നത് തികഞ്ഞ അനാസ്ഥയാണ്. വ്യാജ പരസ്യം സംബന്ധിച്ച് നിരവധി പരാതികൾ ഉയരുന്നുണ്ടെങ്കിലും ഒരു നടപടിയും ഉണ്ടാകുന്നില്ല. കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ ആരോഗ്യമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.