ജില്ലയിൽ മഴ ശക്തം
1424717
Saturday, May 25, 2024 1:32 AM IST
കണ്ണൂര്‍: വേനൽ മഴ ശക്തമായതോടെ കണ്ണൂർ ജില്ലയിലും വ്യാപകമായ വീടുകൾക്കും കൃഷിക്കും നാശം സംഭവിച്ചിരിക്കുകയാണ്. ജില്ലയിൽ ഇതിനോടകം ഇരുപതോളം വീടുകൾക്ക് കോടുപാടുകൾ സംഭവിച്ചതായാണ് ജില്ലാ അധികാരികളുടെ കണക്ക്. സർക്കാർ കണക്കിൽ വീടുകൾ ഒന്നും പൂർണമായും തകർന്നിട്ടില്ലങ്കിലും ഇവർക്ക് ഇനികയറി കിടക്കണമെങ്കിൽ വീട് പൂർണമായും പുനർനിർമിച്ചേ മതിയാകൂ എന്നതാണ് സ്ഥിതി.
കണ്ണൂരില്‍ മുഴപ്പിലങ്ങാടും പയ്യന്നൂരും ഇന്നലെ വൈകുന്നേരത്തോടെ രണ്ടുവീടുകള്‍ മഴയില്‍ തകര്‍ന്നുവീണു. ഇതില്‍ ഒരു വീട്ടില്‍ അപകടം സംഭവിക്കുന്ന സമയത്ത് മുറിയില്‍ ഉറങ്ങുകയായിരുന്ന ഏഴു വയസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. വീടിന്റെ മേല്‍ക്കൂര മുഴുവനായി തകര്‍ന്നുവീണിട്ടുണ്ട്. കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഓട്വീണ് കൈയ്ക്ക് നേരിയ മുറിവാണ് സംഭവിച്ചത്. മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ തെറിമൽ ഭാഗത്ത് മത്സ്യതൊഴിലാളിയായ കാദറിന്റെ വീട്ടിലാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് കുട്ടി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. രക്ഷിതാക്കളും മറ്റുള്ളവരും പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചിക്തസയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ പോയതിനാൽ വൻദുരന്തം ഒഴിവായി. ടിവി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു. അപകടം ഉണ്ടായ ഉടൻ തന്നെ നാട്ടുകാരും മത്സ്യതൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഇനി എവിടെ കഴിയും എന്ന ആശങ്കയിലാണ് കാദറും കുടുംബവും.
പയ്യന്നൂർ കേളോത്ത് ഉണ്ണിയുടെ ഓടിട്ട വീടാണ് കനത്ത മഴയില്‍ പൂർണമായും തകർന്നത്. അപകടസമയത്ത് വീട്ടുകാർ പുറത്തെ വരാന്തയിൽ നിന്ന് ഭക്ഷണം കഴിക്കുകയായിരുന്നതിനാൽ വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഉണ്ണിയുടെ അളിയന് അപകടത്തില്‍ കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് അപകടം. നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, വില്ലേജ് ഓഫീസർ എം.പ്രദീപൻ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മാഹി: പന്തക്കലിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വീണു. മൊട്ടേമൽ കാട്ടുകുന്നത്ത് നസീമയുടെ വീട്ടു മതിലാണ് കഴിഞ്ഞദിവസം രാത്രിയിൽ പെയ്ത മഴയിൽ ഇടിഞ്ഞു വീണത്. അയൽവാസിയായ കാട്ടുകുന്നത്ത് പ്രേമയുടെ വീട് അപകടനിലയിലായി. നസീമയുടെ വീടായ ബൈത്തുറനയുടെ അടുക്കളയിലക്കോണ് പതിനഞ്ച് അടിയോളം ഉയരമുള്ള അതിർ മതിൽ വീണത്. സംഭവമറിഞ്ഞ ഉടനെ പന്തക്കൽ പോലീസ്, മാഹി ഫയർ ഫോഴ്സും എന്നിവ സ്ഥലത്തെത്തി വേണ്ട നിർദേശങ്ങൾ നല്കി. അപകട സമയത്ത് നസീമയും ഭർത്താവ് റസാക്കും മകളും, പേരക്കിടാവുമാണു വീട്ടിലുണ്ടായിരുന്നത്.
കാടാച്ചിറയിൽ
റോഡിലേക്ക് മണ്ണിടിഞ്ഞു
കണ്ണൂർ: കനത്ത മഴയെ തുടർന്ന് കാടാച്ചിറ കണ്ണാടിച്ചാലിൽ റോഡിലേക്ക് കുന്നിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കണ്ണൂർ-കൂത്തുപറമ്പ് സംസ്ഥാന പാതയിലാണ് ഗതാഗതം തടസപെട്ടത്. വ്യാഴാഴ്ച രാത്രി 11 ഓടെയാണ് സംഭവം. റോഡിൽ ഏകദേശം മൂന്നടിയോളം ഉയരത്തോളം മണ്ണു നിറഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു. ചെളിക്കുളമായ റോഡിൽ നിരവധി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്തു. ഇതോടെ പോലീസ് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കടന്പൂർ വഴി തിരിച്ചു വിടുകയാണ് ചെയ്തത്. ഈ കുന്നിന്റെ ഒരു ഭാഗം ദേശീയ പാതയുടെ ആവശ്യത്തിനായുള്ള മണ്ണിനായി ഇടിച്ചിരുന്നു. കനത്ത മഴപെയ്തതോടെ ഇതിന്റെ ബാക്കി ഭാഗം ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. പോലീസും ഫയർഫോഴ്സും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെ ആരംഭിച്ച മണ്ണു നീക്കൽ ഇന്നലെ ഉച്ചയോടെയാണ് പൂർത്തിയായത്.
വെള്ളക്കെട്ടിൽ റോഡ്
തകർന്നു
കരിക്കോട്ടക്കരി: അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി-വളയംകോട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തം. റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ റോഡ് ഉപരോധമുൾപ്പെടെയുള്ള ശക്തമായ പ്രക്ഷോഭം നടത്തുമെന്നു ഓട്ടോറിക്ഷാ തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. റോഡിലെ വെള്ളക്കെട്ട് സമീപത്തെ വീട്ട് മുറ്റങ്ങളിലേക്കും വ്യാപിച്ചു. ഓവുചാൽ നിർമാണത്തിലെ അപാകതയാണ് വെള്ളക്കെട്ടിന് കാരണം. നിർമാണ സമയത്ത് തന്നെ ഇക്കാര്യം നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കരാറുകാരനും ഇക്കാര്യം പരിഗണിക്കാത്തതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണം.
മതിൽ ഇടിഞ്ഞ് സിഎംപി ഓഫീസിന് നാശനഷ്ടം
കണ്ണൂർ: മതിൽ ഇടിഞ്ഞ് സിഎംപി ഓഫീസിന് കേടുപാടുകൾ സംഭവിച്ചു. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ സമീപത്തെ വ്യാപാര സ്ഥാപനത്തിന്റെ മതിൽ തകർന്ന് സിഎംപി ഓഫീസായ ഇ.പി. സ്മാരക മന്ദിരത്തിന്റെ ചുമരിനും, കിണറിനുമാണ് കേടുപാടുകൾ സംഭവിച്ചത്. നേരത്തേ മതിലിന് ബലക്ഷയ മുണ്ടായി ഒരു ഭാഗം തകർന്നപ്പോൾ തന്നെ അപകടസാധ്യത ഉടമകളെ അറിയിച്ചിരുന്നു. എന്നാൽ, പരിഹാര നടപടികൾ സ്വീകരിക്കാൻ തയാറായിരുന്നില്ല. മതിലിന് ആവശ്യമായ സുരക്ഷ ഒരുക്കാത്തതാണ് വീണ്ടും അപകടത്തിന് വഴിവച്ചത്.