ആനപ്പാറയിൽ സോളാർവേലി പൂർത്തിയായി
1424538
Friday, May 24, 2024 1:27 AM IST
മണിക്കടവ്: കർണാടക വനമേഖലയുമായി അതിർത്തി പങ്കിടുന്ന ഉളിക്കൽ പഞ്ചായത്തിലെ ആനപ്പാറ സ്വദേശികളുടെ ഉറക്കം കെടുത്തിയ കാട്ടാന ഭീഷണിക്ക് താത്കാലിക പരിഹാരം. ആനപ്പാറയിൽ താത്കാലിക സോളാർ വേലിയുടെ നിർമാണം പൂർത്തിയാക്കി. പയ്യാവൂർ പഞ്ചായത്തിന്റെ അതിർത്തിയിൽ നിന്നും ഉളിക്കൽ പഞ്ചായത്തിന്റെ 900 മീറ്റർ ദൂരം പ്രതിരോധ സംവിധാനങ്ങൾ ഇല്ലാതിരുന്ന ഭാഗത്ത് കൂടിയാണ് ആനകൾ ജനവാസ മേഖലയിൽ പ്രവേശിച്ചിരുന്നത്.
കഴിഞ്ഞ ദിവസം രാത്രി കാട്ടാനകൾ ആനപ്പാറ ശാന്തിഗിരി മെയിൻ റോഡിൽ എത്തി സമീപത്തെ കൃഷിയിടങ്ങളിൽ കൃഷികൾ നശിപ്പിച്ചിരുന്നു. ഇതോടെയാണ് അടിയന്തര പ്രാധാന്യത്തോടെ വനം വകുപ്പും പഞ്ചായത്തും പ്രദേശവാസികളും ചേർന്ന് ഒറ്റദിവസം കൊണ്ട് താത്കാലിക ഫെൻസിംഗ്പൂർത്തിയാക്കിയത്.
പയ്യാവൂർ പഞ്ചായത്തിൽ തൂക്കുവേലുകൾ സ്ഥാപിച്ചപ്പോൾ അഴിച്ചുമാറ്റിയ വേലിയുടെ ഭാഗങ്ങൾ ഉപയോഗിച്ചാണ് വേലിയുടെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. വാർഡ് അംഗം ജാൻസി തോമസിന്റെ ശ്രമഫലമായാണ് താത്കാലികമാണെങ്കിലും അടിയന്തരമായി വേലിയുടെ നിർമാണം പൂർത്തികരിക്കാൻ കാരണം. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി വേലിക്ക് ആവശ്യമായ ബാറ്ററികൂടി നൽകിയത്തോടെ വനം വകുപ്പും പ്രദേശവാസികളും ചേർന്ന് ഒറ്റദിവസം കൊണ്ട് താത്കാലിക വേലിയുടെ നിർമാണം പൂർത്തിയാക്കി.
തൂക്കുവേലിയുടെ
നിർമാണം വീണ്ടും
വൈകുന്നു
900 മീറ്റർ സോളാർ തൂക്കുവേലിക്ക് ടെൻഡർ നടപടികൾ പലതവണ സ്വീകരിച്ചിട്ടും നിയമകുരുക്കിൽ മുടങ്ങി കിടക്കുകയാണ്. ഏറ്റവും ഒടുവിൽ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ കുടുങ്ങി നിർമാണം വഴിമുട്ടിയിരുന്നു.
താത്കാലികമായി നിർമാണം പൂർത്തിയാക്കിയെങ്കിലും ആനകൾ പുഴയിലൂടെ സഞ്ചരിച്ച് താഴ്ഭാഗങ്ങളിലെ കൃഷിയിടത്തിൽ പ്രവേശിക്കാൻ സാധ്യത കൂടുതലാണ്. പുഴയ്ക്ക് കുറുകെ സോളാർ തൂക്കുവേലി സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ. പഴയ വേലിയുടെ ഭാഗങ്ങൾ ഉപയോഗിച്ച് താത്കാലിക വേലി സ്ഥാപിച്ചതോടെ അധികൃതർ തൂക്കുവേലിയുടെ കാര്യത്തിൽ കൈമലർത്തുമോ എന്ന ആശങ്കയും പ്രദേശവാസികൾ പങ്കുവച്ചു.