അന്തർ സംസ്ഥാന അതിർത്തി നിർണയം: കർണാടക വനംവകുപ്പിന്റെ നിസഹകരണം മൂലം സർവേ മുടങ്ങി
1424319
Thursday, May 23, 2024 12:44 AM IST
ഇരിട്ടി: കർണാടകയുമായി അതിർത്തി പങ്കിടുന്ന മലയോരത്തെ മൂന്നു വില്ലേജുകളിൽ ഡിജിറ്റിൽ സർവേ നടത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തോട് ആദ്യ ദിവസം സഹകരിക്കാതെ കർണാടക വനംവകുപ്പ്. ജില്ലാ കളക്ടർ കുടക് ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ കർണാടക സർവേ ടീം സംയുക്ത സർവേക്കായി ചൊവ്വാഴ്ച ഇരിട്ടിയിൽ എത്തിയെങ്കിലും കർണാടക വനംവകുപ്പ് സഹകരിക്കാത്തതിനാൽ സർവേ നടന്നില്ല.
വിളമന, ആറളം, കരിക്കോട്ടക്കരി വില്ലേജുകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കേരള-കർണാടക ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം സർവേ നടത്താനായിരുന്നു തീരുമാനം. മൂന്നു വില്ലേജുകളിലും കർണാടകയുമായി അതിരിടുന്ന പ്രദേശം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതം മേഖലയാണ്. കർണാടക വനം വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരില്ലാതെ അതിർത്തി നിർണയം സാധ്യമാകില്ല. കർണാടക വനംവകുപ്പ് സഹകരിക്കാത്ത സാഹചര്യത്തിൽ ജില്ലാ ഭരണകൂടം കർണാടക വനംവകുപ്പുമായി ബന്ധപ്പെട്ട് ഇന്ന് സംയുക്ത സർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കർണാടക സർവേ ടീം ഇരിട്ടി താലൂക്ക് ഓഫിസിൽ എത്തി ചർച്ച നടത്തിയാണ് പുതിയ തീയതി നിശ്ചയിച്ചത്.
കണ്ണൂർ അസിസ്റ്റന്റ് സർവേ ഡയറക്ടർ സുനിൽ ഫെർണാണ്ടസ്, ജില്ല സർവേ സൂപ്രണ്ട് രാജീവൻ പട്ടതാരി, തഹസിൽദാർ എം. ലക്ഷ്മണൻ, ഹെഡ് സർവേയർമാരായ കെ. ദിനേശൻ, ജിജിൻ എന്നവരും കർണാടക സർവേ ടീമിൽ സന്ന സുവരായ, ഹേമന്തച്ചർ, രഘു ഗോബ്ളാ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ബാരാപോളിലും മാക്കൂട്ടത്തും കേരളത്തിന്റെ അധീനതയിലുള്ള റവന്യു ഭൂമി കർണാടക വനം വകുപ്പ് കൈയേറുന്നതായുള്ള പാരാതികൾ ഉയർന്നിരുന്നു.
ബാരാപോൾ പുഴയോരത്തെ കേരളത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് വർഷങ്ങളായി താമസിക്കുന്ന കുടുംബങ്ങളെ കുടിയിറക്കാനും കർണാടക വനംവകുപ്പ് ശ്രമിച്ചിരുന്നു. ഇതിനെ അയ്യൻകുന്ന് പഞ്ചായത്തും നാട്ടുകാരും ചേർന്നാണ് തടഞ്ഞത്.