വനംവകുപ്പ് തിരിഞ്ഞുനോക്കില്ല; മരുതോം മേഖല മരണമുഖത്ത്
1415453
Wednesday, April 10, 2024 1:41 AM IST
പനത്തടി: വനംവകുപ്പിന്റെ കുറ്റകരമായ അനാസ്ഥ മരുതോം വനമേഖലയിലെ ജനങ്ങളുടെ ജീവന് അപകടത്തിലാക്കുന്നു. ബളാല്‍ പഞ്ചായത്തിലെ മരുതോം ഫോറസ്റ്റ് റേഞ്ചില്‍പ്പെട്ട പ്രദേശങ്ങളാണ് താന്നിക്കല്‍, മാട്ടക്കുന്ന്, മൊട്ടയംകൊച്ചി, ശിവഗിരി എന്നീ പ്രദേശങ്ങള്‍. മരുതോം റേഞ്ച് ഓഫീസ് 35 കിലോമീറ്റര്‍ അകലെയുള്ള പരപ്പയിലാണ് സ്ഥിതിചെയ്യുന്നത്.
ഇവിടെനിന്നും 15 കിലോമീറ്റര്‍ മാത്രം അകലെയാണ് പാണത്തൂര്‍ റേഞ്ച് ഓഫീസില്‍ ഈ പ്രദേശത്തെ ഉള്‍പ്പെടുത്താത്തതിന്റെ ദുരിതമാണ് പ്രദേശവാസികള്‍ ഇന്ന് അനുഭവിക്കുന്നത്. മരുതോം റേഞ്ച് ഓഫീസ് ഈ മേഖലയെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. വനം വാച്ചറുടെ സേവനം പോലും ഇവിടുത്തുകാര്‍ക്ക് ലഭിക്കുന്നില്ല.
ഏതാണ്ട് 10 വര്‍ഷം മുമ്പ് കാട്ടാനകളെ തടയാന്‍ പനത്തടി പഞ്ചായത്തിലെ പെരുതടി മുതല്‍ ബളാല്‍ പഞ്ചായത്തിലെ മരുതോം വരെ 13 കിലോമീറ്റര്‍ നീളത്തില്‍ സോളാര്‍ വേലി സ്ഥാപിച്ചിരുന്നു.
എന്നാല്‍, വെറും ആറുമാസം മാത്രമാണ് ഇതു പ്രവര്‍ത്തിച്ചത്. അപ്പോഴേക്കും അതിന്റെ ബാറ്ററി പ്രവര്‍ത്തനരഹിതമായി. നിലവാരം കുറഞ്ഞ വേലിയാണ് ഇവിടെ സ്ഥാപിച്ചതെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ അതിന്റെ തൂണുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
മൂന്നുമാസം മുമ്പ് പഞ്ചായത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ റാണിപുരത്തും പാണത്തൂര്‍ പരിയാരത്തും മാട്ടക്കുന്നിലും കാട്ടാനക്കൂട്ടം ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങി വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു. റാണിപുരം ഡിടിപിസി റിസോര്‍ട്ടിന് സമീപം വരെ ആനയിറങ്ങിയത് ഏറെ ഭീതിപരത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് ഫെബ്രുവരി 16നു ജില്ലാ കളക്ടര്‍ കെ. ഇമ്പാശേഖര്‍ റാണിപുരത്ത് എത്തി പ്രദേശവാസികളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. സോളാര്‍ വേലി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നായിരുന്നു അന്നത്തെ യോഗത്തിലെ പ്രധാന ആവശ്യം.
സോളാര്‍ വേലി അടിയന്തരമായി നന്നാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 32 കിലോമീറ്ററോളം സോളാര്‍ തൂക്കുവേലി നിര്‍മാണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അതില്‍ 17 കിലോമീറ്റര്‍ വരുന്നത് പനത്തടി പഞ്ചായത്തിലാണെന്നും ഈ ഭാഗങ്ങളില്‍ വരുന്ന സോളാര്‍ തൂക്കുവേലുകള്‍ അടിയന്തരമായി സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായും കളക്ടർയോഗത്തില് അറിയിച്ചിരുന്നു. എന്നാല്‍, യോഗം നടന്ന് രണ്ടുമാസമായിട്ടും ഇതുവരെയും വേലി പുനഃസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മുറിച്ചുമാറ്റേണ്ട മരങ്ങളുടെ കണക്ക് പോലും വനംവകുപ്പ് ഇതുവരെ എടുത്തുകഴിഞ്ഞില്ലെന്നാണ് ആരോപണമുയരുന്നത്.