മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം
1396775
Saturday, March 2, 2024 1:50 AM IST
ഇരിട്ടി: മാക്കൂട്ടം ചുരത്തിൽ വീണ്ടും വാഹനാപകടം. ചെന്നൈയിൽ നിന്നും കണ്ണൂരിലേക്ക് വളം കയറ്റിവന്ന പിക്കപ്പ് ജീപ്പാണ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞത്. ഇന്നലെ പുലർച്ചെയാണ് അപകടം. കൊക്കയിലേക്ക് മറിഞ്ഞ വാഹനം മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
മാക്കൂട്ടം ചുരം പാതയിൽ മുമ്മടക്ക് വളവിന് 50 മീറ്റർ മുകളിൽ സ്ഥിരമായി വാഹനാപകടം നടക്കുന്ന സ്ഥലത്താണ് പിക്കപ്പ് ജീപ്പും അപകടത്തിൽപ്പെട്ടത്. റോഡിലെ കൊടും വളവാണ് അപകടത്തിന് ഇടയാക്കാറുള്ളത്.
മുൻപ് നടന്ന അപകടങ്ങളിൽ തകർന്ന സംരക്ഷണ വേലി പുനഃസ്ഥാപിക്കാത്തതും പലപ്പോഴും അപകടത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നു. അപകടത്തിൽ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.