സഫാരി പാർക്ക്: റവന്യു സംഘം സ്ഥലം സന്ദർശിച്ചു
1396523
Friday, March 1, 2024 1:11 AM IST
ചപ്പാരപ്പടവ്: നാടുകാണിയിലെ നിർദ്ദിഷ്ട സഫാരി പാർക്കിന്റെ പ്രാരംഭഘട്ട നടപടികൾ ആരംഭിച്ച് സർക്കാർ. ഭൂമിയുടെ സ്കെച്ച് തയാറാക്കുന്നതിനു മുന്നോടിയായി റവന്യു വകുപ്പ് സംഘം സ്ഥലം പരിശോധിച്ചു.സംസ്ഥാനത്തെ ആദ്യ ആനിമൽ സഫാരി പാർക്കിനുള്ള ഭൂമി കൈമാറ്റമാണ് പദ്ധതിയുടെ ആദ്യ കടമ്പ. പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള കൃഷി വകുപ്പിന്റെ ഭൂമിയാണ് പദ്ധതിക്കായി വിട്ടു നൽകേണ്ടത്.
മൃഗശാല വകുപ്പിന് കൈമാറുന്നതിനു മുന്നോടിയായി ഭൂമിയുടെ സ്കെച്ച് സംബന്ധിച്ച വിശദമായ വിവരങ്ങൾ ശേഖരിക്കാനായാണ് ജില്ലാ റവന്യൂ സർവേ സൂപ്രണ്ട് രാജീവൻ പട്ടത്താരിയും തളിപ്പറമ്പ് തഹസിൽദാർ ഉൾപ്പെടയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. സഫാരി പാർക്കിന്റെ പ്രാരംഭഘട്ട നടപടികൾക്കായി സംസ്ഥാന ബജറ്റിൽ രണ്ടു കോടി രൂപയും വകയിരുത്തിയിരുന്നു. കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം. സീന, കോഴിക്കോട് മ്യൂസിയം സൂപ്രണ്ട്, ജില്ല സർവ്വേ സൂപ്രണ്ട്, വയനാട് മ്യൂസിയം ഇൻ ചാർജ് ഓഫീസർ, പന്നിയൂർ കൂവേരി വില്ലേജ് ഓഫീസർമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.വാഹനത്തിൽ സഞ്ചരിച്ച് മൃഗങ്ങളെ കാണാനാകും വിധത്തിലാണ് പാർക്ക് വിഭാവനം ചെയ്യുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സഫാരി പാർക്കായി നാടുകാണി മാറും. മൂന്നുവർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.