കാൻസർ വരാനുള്ള സാഹചര്യം ഒഴിവാക്കണം: ലാൽ ജോസ്
1396457
Thursday, February 29, 2024 8:06 AM IST
കണ്ണൂർ: കാൻസർ വന്ന് ചികിത്സിക്കുന്നതിനെക്കാൾ നല്ലത് വരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് നല്ലതെന്ന് സിനിമാ സംവിധായകൻ ലാൽജോസ്. കയ്റോസ് കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ബർണശേരി ഹോളി ട്രിനിറ്റി കത്തീഡ്രൽ പാരിഷ്ഹാളിൽ നടന്ന കാൻസർ ദിനാചരണവും കയ്റോസ് കാൻ കെയർ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണ്ടുകാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് കാൻസർ രോഗികൾ കൂടുതലാണ്. അതിനുള്ള പ്രധാന കാരണം നമ്മുടെ ആഹാരരീതിയാണ്. വിഷമയമായ പച്ചക്കറികളും കറിമസാലകളുമാണ് ഇന്ന് കൂടുതലായും ഭക്ഷിക്കുന്നത്. കുടിക്കുന്ന ബോട്ടിൽ വെള്ളത്തിൽ പോലും വിഷമാണ്. കൂടാതെ ഓരോ വ്യക്തികളുടെ ഇമോഷനുകളും കാൻസർ രോഗത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാൻ കെയർ പദ്ധതിയുടെ ലോഗോ പ്രകാശനവും വീഡിയോ ലോഞ്ചിംഗും ലാൽ ജോസ് നിർവഹിച്ചു.
പരിപാടിയോട് അനുബന്ധിച്ച് കാൻസർ ബോധവത്കരണ തെരുവുനാടകവും, 125 കുടുംബങ്ങൾ ന്യൂട്രീഷൻ കിറ്റ് വിതരണവും സൺറൈസ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ കാൻസർ നിർണയ ക്യാമ്പുകളും നടന്നു. കണ്ണൂർ രൂപത വികാരി ജനറാൾ റവ. ഡോ. ക്ലാരൻസ് പാലിയത്ത് അധ്യക്ഷത വഹിച്ചു.
ജേക്കബ് ആൻഡ് ജോർജ് ഫൗണ്ടേഷൻ ആൻഡ് മാനേജിംഗ് പാർട്ണർ പി.ജെ. ജേക്കബ് മുഖ്യാതിഥിയായി. ഫാ. ജോർജ് മാത്യു, ഫാ. ജോർജ് പൈനാടത്ത്, ഫാ. ജേക്കബ് ജോസ്, സൺറൈസ് ഹോസ്പിറ്റൽ പ്രതിനിധി ഡോ.മിഥുൻ, ഉർസുലൈൻ സന്യാസി സമൂഹത്തിന്റെ പ്രൊവഷ്യൽ സിസ്റ്റർ വീണ എന്നിവർ പ്രസംഗിച്ചു.