ഫാ. ജയിംസ് മൊന്തനാരിയുടെ ചരമ ഗോള്‍ഡന്‍ ജൂബിലി സമാപനം നാളെ മുതൽ
1396456
Thursday, February 29, 2024 8:06 AM IST
പയ്യന്നൂര്‍: മലബാറിന്റെ മഹാമിഷണറി ഫാ. ജയിംസ് മൊന്തനാരിയുടെ സ്മരണ നിലനിര്‍ത്താനുള്ള വിവിധ കര്‍മപരിപാടികളോടെ ഒരുവര്‍ഷം നീണ്ടുനിന്ന ചരമ ഗോള്‍ഡന്‍ ജൂബിലിയുടെ സമാപനം 1, 2, 3 തീയതികളില്‍ നടക്കും. ഏഴിമല മൊന്തനാരി നഗറില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായ തായി സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
മൊന്തനാരിയച്ചന്റെ ജന്മദിനമായ നാളെ വൈകുന്നേരം അഞ്ചിന് മുന്‍ ഇടവക വികാരിമാരുടെ കാര്‍മികത്വത്തിലുള്ള ദിവ്യബലി നടക്കും. തുടര്‍ന്ന് നടക്കുന്ന വൈദികര്‍ക്കുള്ള ആദരവും ജൂബിലി സമാപന പരിപാടികളുടെ ഉദ്ഘാടനവും മൊന്തനാരിയച്ചന് ശേഷം ഇടവക വികാരിയായി സേവനം ചെയ്ത ഫാ. ജോസഫ് പുളിക്കൽ നിര്‍വഹിക്കും. രാമന്തളി പഞ്ചായത്ത് പ്രസിഡന്റ് വി. ഷൈമ മുഖ്യാതിഥിയാകും. തുടര്‍ന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
മാര്‍ച്ച് രണ്ടിന് വൈകുന്നേരം അഞ്ചിന് ദിവ്യബലി. തുടര്‍ന്ന് നടക്കുന്ന മതസൗഹാര്‍ദ സമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദു റഷീദ് സഖാഫി, എസ്. സജിത്കുമാര്‍, ഫാ. മാത്യു നിരപ്പേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജൂബിലി സമാപന ദിനമായ മൂന്നിന് രാവിലെ 10.30 ന് കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി. തലശേരി അതിരൂപത ആർച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിക്കും.
താമരശേരി രൂപത മെത്രാന് മാര്‍ റെമിജിയോസ് ഇഞ്ചനാനിയല്‍ മൊന്തനാരി ശില്പം അനാച്ഛാദനം ചെയ്യും. മൊന്തനാരി മ്യൂസിയത്തിന്റെ ഉദ്ഘാടനം കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല നിര്‍വഹിക്കും. തുടര്‍ന്ന് മൊന്തനാരി മാവിന് തൈകള്‍ വിതരണം, അനുമോദനം, സ്നേഹവിരുന്ന് എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഗോള്‍ഡണ്‍ ജൂബിലി കമ്മിറ്റി ചെയര്മാന് ഫാ.ബിനോയ് തോമസ്, സന്തോഷ് പതിക്കല്‍, പീറ്റര്‍ ഏഴിമല, സി.ഡി. ഷിജോ എന്നിവര്‍ പങ്കെ ടുത്തു.