ഉണ്ണിത്താനോട് അങ്കംകുറിച്ച് എം.വി. ബാലകൃഷ്ണൻ
1396041
Wednesday, February 28, 2024 1:34 AM IST
കാസർഗോഡ്: കഴിഞ്ഞതവണ കൊല്ലത്തുനിന്നെത്തി കാസർഗോഡിന്റെ മനസ് പിടിച്ചടക്കിയ രാജ്മോഹൻ ഉണ്ണിത്താനോട് അങ്കം കുറിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള മത്സരരംഗം ചൂടുപിടിച്ചു.
ഉറച്ച കോട്ടയായി കരുതിയിരുന്ന കാസർഗോഡ് മണ്ഡലത്തിൽ കഴിഞ്ഞ തവണ തീർത്തും അപ്രതീക്ഷിതമായി 40438 വോട്ടിന്റെ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന എൽഡിഎഫ് ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള മുന്നൊരുക്കങ്ങൾ കാലേക്കൂട്ടി തുടങ്ങിക്കഴിഞ്ഞു.
കഴിഞ്ഞതവണ വിധി നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച പെരിയ ഇരട്ടക്കൊല, ശബരിമല ഘടകങ്ങൾ ഇത്തവണ അത്രകണ്ട് സ്വാധീനിക്കാനിടയില്ലെന്ന പ്രതീക്ഷയാണ് അവർക്ക് ആത്മവിശ്വാസം പകരുന്നത്.
സിപിഎം ശക്തികേന്ദ്രങ്ങളിലെ കേഡർ വോട്ടുകൾ ഉറപ്പുവരുത്തിയാൽ തന്നെ ജയം ഉറപ്പാണെന്ന ധൈര്യത്തിലാണ് ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കുന്നത്.
അതേസമയം ജയിച്ചാൽ മണ്ഡലത്തിൽ കാണില്ലെന്ന എതിരാളികളുടെ പ്രചാരണം പാടേ തിരുത്തി അഞ്ചുവർഷക്കാലം കാസർഗോഡ് മണ്ഡലത്തിന്റെ ഓരോ കോണിലും എംപിയുടെ സാന്നിധ്യമറിയിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസമാണ് രാജ്മോഹൻ ഉണ്ണിത്താനും യുഡിഎഫിനുമുള്ളത്. കേന്ദ്ര,സംസ്ഥാന സർക്കാരുകളോടുള്ള അതൃപ്തിക്കൊപ്പം എംപി എന്ന നിലയിലുള്ള ഉണ്ണിത്താന്റെ പ്രവർത്തനമികവും ജനകീയതയും വോട്ടാക്കി മാറ്റാനായാൽ ഇത്തവണയും സിപിഎമ്മിന്റെ കേഡർ വോട്ടുകളെ മറികടക്കാനാകുമെന്നാണ് അവരുടെ പ്രതീക്ഷ.
ഔദ്യോഗികമായ സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നതിനു മുമ്പേ തന്നെ എം.വി. ബാലകൃഷ്ണൻ പ്രചാരണം തുടങ്ങിയിരുന്നു. ഇന്നലെ പ്രഖ്യാപനം നടന്നതിനു തൊട്ടുപിന്നാലെ ജന്മനാടായ കയ്യൂരിലെ വിപ്ലവ ഭൂമിയിൽ നിന്നും മണ്ഡലപര്യടനത്തിന് തുടക്കം കുറിച്ചു. കയ്യൂർ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പചക്രം സമർപ്പിച്ചു കൊണ്ടാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി. സതീഷ്ചന്ദ്രൻ പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി സി.പി. ബാബു അധ്യക്ഷനായി.
നേതാക്കളായ പി. ജനാർദനൻ, വി.വി. രമേശൻ, വി.പി.പി. മുസ്തഫ, സാബു ഏബ്രഹാം, സി.ജെ.സജിത്ത്, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, പി.പി. രാജു, ടി.വി. വിജയൻ, കരീം ചന്തേര, അസീസ് കടപ്പുറം, സുരേഷ് പുതിയേടത്ത് എന്നിവർ സംബന്ധിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകർ ബൈക്ക് റാലിയോടെ സ്ഥാനാർഥിയെ ആനയിച്ചു.
കയ്യൂ മുഴക്കോത്തെ പരേതരായ കുഞ്ഞമ്പു നായരുടെയും ചിരുതേയി അമ്മയുടെയും മകനായ എം.വി. ബാലകൃഷ്ണൻ (74) കൊവ്വൽ എയുപി സ്കൂൾ മുഖ്യാധ്യാപകനായിരിക്കെ സ്വയം വിരമിക്കുകയായിരുന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ സർവകലശാലാ സിൻഡിക്കേറ്റംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരുന്നു. സിപിഎം മുഴക്കോം ബ്രാഞ്ച് സെക്രട്ടറി, കയ്യൂർ ലോക്കൽ സെക്രട്ടറി, അധ്യാപക സംഘടനയായ കെപിടിയുവിന്റെ ജില്ലാ സെക്രട്ടറി, എൻആർഇജി വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന സെക്രട്ടറി, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ: എം.കെ. പ്രേമവല്ലി (ക്ലായിക്കോട് സഹകരണ ബാങ്ക് റിട്ട. ജീവനക്കാരി). മക്കൾ: പ്രതിഭ (അധ്യാപിക, ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ), പ്രവീണ (യുകെ). മരുമക്കൾ: വിജയകുമാർ മംഗലശേരി, പ്രസാദ് (യുകെ).