സോളാർ തെരുവുവിളക്കിന്റെ ബാറ്ററി മോഷണം പോയി
1395699
Monday, February 26, 2024 1:40 AM IST
മട്ടന്നൂർ: റോഡ് നവീകരണത്തിന് ശേഷം ചാവശേരി ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കിന്റെ ബാറ്ററി മോഷണം പോയി. മട്ടന്നൂർ ഭാഗത്തേക്ക് പോകുന്ന ബസ് വെയിറ്റിംഗ് ഷെൽട്ടറിനോട് ചേർന്നു സ്ഥാപിച്ച തൂണിലെ സോളാർ വിളക്കിന്റെ ബാറ്ററിയാണ് മോഷണം പോയത്.
മാസങ്ങൾക്ക് മുമ്പ് ചാവശേരി ടൗണിലെ ഗ്രാമീണ ബാങ്കിന് മുന്നിലെയും ചാവശേരി ഹയർ സെക്കൻഡറി സ്കൂൾ പരിസരങ്ങളിലെയും അടക്കമുള്ള തെരുവ് വിളക്കിന്റെ ബാറ്ററികൾ കാണാതായിരുന്നു.
ബാറ്ററി സ്ഥാപിച്ച ഇരുമ്പിന്റെ ബോക്സ് അടക്കമാണ് കാണാതായത്. തെരുവുവിളക്കുകൾ സ്ഥാപിച്ചതോടെ രാത്രികാലങ്ങളിൽ ചാവശേരി ടൗണിലെ വ്യാപാരികൾക്ക് അടക്കമുള്ളവർക്ക് ആശ്വാസമായിരുന്നു. ബാറ്ററി കാണാതായതിനെക്കുറിച്ച് വ്യാപാരികൾ മുമ്പ് കെഎസ്ടിപി അധികൃതരെ അറിയിച്ചിരുന്നുവെങ്കിലും നടപടിയുണ്ടായില്ല. ഇതിനിടെയാണ് വീണ്ടും ബാറ്ററി മോഷണം പോയത്. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി പാലോട്ടു പള്ളി ടൗണിൽ സ്ഥാപിച്ച സോളാർ തെരുവുവിളക്കിന്റെ നിരവധി ബാറ്ററികൾ മോഷണം പോയ സംഭവവുമുണ്ടായിരുന്നു.