ഭരണഘടനയെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനം വേണം: സ്പീക്കർ ഷംസീർ
1395461
Sunday, February 25, 2024 7:41 AM IST
മാഹി: നമ്മുടെ ഭരണഘടനയെ തകർക്കാൻ നടക്കുന്ന ശക്തികൾക്കെതിരേ നിരന്തര ജാഗ്രത വേണമെന്നും വിശ്വാസി സമൂഹത്തിന്റെ ആശങ്കകൾ അകറ്റുന്നതിന് ഭരണഘടനയെ സംരക്ഷിക്കാനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. മാഹി സെന്റ് തെരേസാ തീർഥാടന കേന്ദ്രം ബസിലിക്കയായി ഉയർത്തിയതിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേറൊരു നാടിനും അവകാശപ്പെടാനില്ലാത്ത മതമൈത്രിയും സൗഹാർദവും പരസ്പര സ്നേഹവുമാണ് മയ്യഴിയുടെ പ്രത്യേകതയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കോഴിക്കോട് രൂപതാധ്യക്ഷൻ ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു. ആവിലായിലെ അമ്മ ത്രേസ്യയെ മയ്യഴി മാതാവായി നെഞ്ചേറ്റിയ മയ്യഴിയിലെ നാനാജാതി മതസ്ഥർ രാജ്യത്തിന് മാതൃകയാണെന്നും ഈ സംസ്കാരം നാട്ടിലാകെ പടരട്ടെയെന്നും ബിഷപ് കൂട്ടിച്ചേർത്തു.
മയ്യഴിക്ക് പുറത്ത് കാലുഷ്യവും കലാപങ്ങളും ഉണ്ടായിരുന്നപ്പോഴെല്ലാം മയ്യഴിയിൽ സമാധാനവും സന്തോഷവും കളിയാടിയിരുന്നത് മയ്യഴി മാതാവിന്റെ അനുഗ്രഹമാണെന്ന് മുഖ്യ പ്രഭാഷണം നടത്തി രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു. ഒരുപാട് ആശങ്കകളും അസ്വസ്ഥതകളും ഭയവും നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് കഥാകാരൻ എം. മുകുന്ദൻ പറഞ്ഞു.
ഇടവക വികാരിയും റെക്ടറുമായ ഫാ. വിൻസെന്റ് പുളിക്കൽ, സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി ഫാ. സ്റ്റീഫൻ ആലത്തറ, മാഹി അഡ്മിനിസ്ട്രേറ്റർ ടി. മോഹൻകുമാർ, മാഹി എസ്പി രാജശങ്കർ വെള്ളാട്ട്, സിസ്റ്റേർസ് ഓഫ് ചാരിറ്റിയിലെ സിസ്റ്റർ ഫിലോ, കോഴിക്കോട് രൂപതാ വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി രാജേഷ് ഡിസിൽവ എന്നിവർ പ്രസംഗിച്ചു.