കാലാങ്കി രണ്ടാംകൈ മലയിൽ തീപിടിത്തം
1394802
Friday, February 23, 2024 12:57 AM IST
ഉളിക്കൽ: കാലാങ്കി രണ്ടാം കൈ മലയിൽ വൻ തീപിടിത്തം. ആൾപ്പാർപ്പില്ലാത്ത ഹിന്ദുസ്ഥാൻ ക്രഷറിനോട് ചേർന്ന മലയുടെ ചെരുവിലാണ് തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം ജനങ്ങളുടെ ശ്രദ്ധയിൽ പെടുന്നത്. ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തിയെങ്കിലും മലയുടെ ചെരിവിലേക്ക് വാഹനങ്ങൾ എത്തിച്ചേരാൻ കഴിയാത്തത് തീ അണയ്ക്കുന്നതിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.
ഏകദേശം 50 ഏക്കറിൽ അധികം സ്ഥലം തീപിടുത്തത്തിൽ കത്തി നശിച്ചതായി നാട്ടുകാർ പറയുന്നു. തീ ആളിക്കത്തുന്നതിനാൽ കാൽനട ആയിപോലും സ്ഥലത്തെത്താൻ കഴിയാത്ത സാഹചര്യമാണ്. ക്രഷറുകൾ നിറഞ്ഞ പ്രദേശത്ത് പല വൻകിട മുതാളിമാർ വാങ്ങിയ ഒഴിഞ്ഞ സ്ഥലത്താണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. കശുമാവിൻ തോട്ടം ആയതിനാലും ഉടമസ്ഥർ സ്ഥലത്തില്ലാത്തതി നാശനഷ്ടം സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.
നാട്ടുകാർ തന്നെയാണ് പലസ്ഥലങ്ങളിലും തീ കെടുത്താൻ മുൻകൈ എടുക്കുന്നത്. താഴ്വാരത്തെ കശുമാവിൻ തോട്ടം കാടുവെട്ടി തെളിച്ച് കത്തിക്കുമ്പോൾ തീ അബദ്ധത്തിൽ മറ്റ് സ്ഥലങ്ങളിലേക്ക് പടർന്നത് ആകാനാണ് സാധ്യത എന്നാണ് നാട്ടുകാർ നല്കുന്ന സൂചന. കഴിഞ്ഞ ദിവസവും ഇവിടെ തീപിടിത്തം ഉണ്ടായിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
ഇരിട്ടിയിൽ നിന്നെത്തി സീനിയർ ഫയർ ഓഫീർ മഹ്റൂഫ്, ഫയർ ഓഫിസർമാരായ കെ. രാഹുൽ, പി.പി. വിജേഷ്, അനീഷ് മാത്യു, കെ. രോഷിദ്, സി. രവീന്ദ്രൻ, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമം രാത്രിയും തുടർന്നു.