കര്‍ഷകരുടെ കൊലയാളികളാകാന്‍ ബാങ്കുകളെ അനുവദിക്കില്ല: കാസ്
1374462
Wednesday, November 29, 2023 7:56 AM IST
ഇരിട്ടി: കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ തെറ്റായ നയവും ഉത്പന്നങ്ങളുടെ വിലയിടിവും രോഗ ബാധയും കാലവര്‍ഷക്കെടുതിയും കാരണം കടം തിരിച്ചടയ്ക്കാനാകാതെ പ്രതിസന്ധിയിലായ കര്‍ഷകരെ മരണത്തിലേക്ക് പറഞ്ഞയയ്ക്കുന്ന കൊലയാളികളാകാന്‍ ബാങ്കുകളെ അനുവദിക്കി ല്ലെന്ന് കെസിബിസി രൂപീകരിച്ച കേരള കര്‍ഷക അതിജീവന സംയുക്ത സമിതി (കാസ്). ബാങ്കുകൾ കര്‍ഷക ദ്രോഹസമീപനം തുടർന്നാൽ അത്തരം ബാങ്കുകളെ നിലയ്ക്കുനിര്‍ത്തുന്നതിന് തെരുവില്‍ ഇറങ്ങാനും തയറാണെന്ന് സമിതി ചെയർമാൻ ബിനോയ് തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.
കോര്‍പറേറ്റുകളുടെ പത്തരലക്ഷം കോടി രൂപ എഴുതിത്തള്ളിയ കേന്ദ്ര സർക്കാർ കർഷകന്റെ നാലര ലക്ഷം കോടി എഴുതിത്തള്ളാൻ എന്തുകൊണ്ട് തയാറാകുന്നില്ല. ഇക്കാര്യത്തിൽ കേരളത്തിലെ ഇടതുപാർട്ടികൾ കാണിക്കുന്നത് ഇരട്ടത്താപ്പാണ്. സർക്കാരിന്റേയും ബാങ്കുകളുടെയും തെറ്റായ നിലപാടുകളാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇനിയുമൊരു വ്യക്തി കടബാധ്യത കാരണം ആത്മഹത്യ ചെയ്യാനും ആക്രമിക്കപ്പെടാനും ഇടവരരുതെന്നാണ് കാസ് ആഗ്രഹിക്കുന്നത്. പത്രസമ്മേളനത്തിൽ ബേബി നെട്ടനാനി, ജയിംസ് പന്നിയാമ്മാക്കല്, ബെന്നി പുതിയാംപുറം, വര്‍ഗീസ് പള്ളിച്ചിറ എന്നിവരും പങ്കെടുത്തു.
നേരത്തെ ബാങ്കിന്റെ ജപ്തി നോട്ടീസിന് ശേഷം ആത്മഹത്യ ചെയ്ത പേരാവൂര്‍ കൊളക്കാട് രാജമുടി യിലെ എം.ആര്. ആല്‍ബര്‍ട്ടിന്റെ വീട്ടിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ച ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.