പഴശി അണക്കെട്ടിൽ ജലനിരപ്പുയർന്നിട്ടും കനാലിലൂടെ വെള്ളം ഒഴുക്കുന്നില്ല
1374038
Tuesday, November 28, 2023 1:14 AM IST
മട്ടന്നൂർ: പഴശി അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നുവെങ്കിലും കനാലിലൂടെയുള്ള ജലസേചനം നടത്താൻ തീരുമാനമായില്ല. ഇന്നലെ രാവിലെ 26.02 സ്കെയിൽ മീറ്ററിലാണ് വെള്ളമുള്ളത്. 50 സെന്റിമീറ്റർ നിരപ്പിൽ വെള്ളം കൂടി സംഭരിച്ചാൽ സംഭരണിയിൽ പൂർണ ജലനിരപ്പാവും. ഷട്ടറുകൾ മുഴുവൻ അടച്ചാണ് വെള്ളം ശേഖരിക്കുന്നത്.
ജില്ലയിലെ വിവിധ കുടിവെള്ള വിതരണ പദ്ധതിക്കായി വെള്ളം ശേഖരിക്കുന്നതിനായി അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും അടച്ചതോടെയാണ് ജലനിരപ്പ് ഉയർന്നത്. കണ്ണൂർ ജില്ലയിലും മാഹിയിലും കുടിവെള്ളമെത്തിക്കുന്ന സുപ്രധാന ജലസംഭരണിയാണ് പഴശി. തുലാമഴയും ന്യൂനമർദത്തെ തുടർന്നുള്ള മഴയും വഴി സംഭരണിയിൽ ക്രമത്തിലധികം എത്തുന്ന വെള്ളം ഷട്ടർ തുറന്ന് ക്രമാനുഗതമായി ഒഴുക്കിക്കളയുന്നുണ്ട്.
മഴ നിലയ്ക്കുന്നതോടെ ഷട്ടർ മുഴുവൻ സമയവും അടക്കും. ഇതോടെ വെള്ളം പൂർണ നിരപ്പെത്തും. ജലനിരപ്പ് ഉയർന്നതിനാൽ കൃഷി ആവശ്യങ്ങൾക്കായി പഴശി കനാലിലേക്കും വെള്ളം തുറന്നു വിടാനാകും.
എന്നാൽ, നീണ്ട കാത്തിരിപ്പിനൊടുവിൽ പഴശി പദ്ധതിയുടെ പ്രധാന കനാലിലൂടെ മാസങ്ങൾക്ക് മുമ്പ് വെള്ളമൊഴുക്കിയെങ്കിലും സ്ഥിരമായി വെള്ളം ഒഴുക്കാനുള്ള നടപടിയായില്ല. ജില്ലയിലെ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങളിലേക്ക് ജലസേചനം നടത്തുന്നതിന് ആരംഭിച്ച പദ്ധതി ഇതുവരെയും ലക്ഷ്യം കണ്ടിരുന്നില്ല.
പഴശി ഡാം മുതൽ വളയാൽ വരെയുള്ള പ്രധാന കനാലിലെ 15 കിലോമീറ്ററിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെ കഴിഞ്ഞ മാർച്ചിൽ ജല വിതരണം പുനഃസ്ഥാപിക്കുന്നതിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിൽ കനാലിലൂടെ വെള്ളം ഒഴുക്കിയിരുന്നു. ഡാം മുതലുള്ള കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണം പൂർത്തിയായതോടെ കഴിഞ്ഞ വർഷം ജനുവരിയിലും പിന്നീടും പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കി വിട്ടിരുന്നു.
ബാക്കി വരുന്ന കനാലിന്റെ നവീകരണം പൂർത്തിയായതോടെയാണ് വീണ്ടും വെള്ളം കനാലിലൂടെ ഒഴുക്കിയിരുന്നത്. എന്നാൽ പരീക്ഷണം കഴിഞ്ഞ ശേഷം കനാലിലൂടെ വെള്ളം ഒഴുക്കിയിരുന്നില്ല.