മണാട്ടി പുഴയിൽ പാലം വരുന്നു
1337211
Thursday, September 21, 2023 7:01 AM IST
ചപ്പാരപ്പടവ്: മണാട്ടിക്കാരുടെ അഞ്ചുപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം പാലം എന്ന സ്വപ്നം യാഥാർഥ്യത്തിലേക്ക്. മലയോരത്തിന്റെ മുഖച്ഛായ തന്നെ ഇത് മാറ്റിമറിക്കും. കരുവഞ്ചാൽ, ബാലപുരത്തിന് അടുത്ത് പുഴയ്ക്ക് കുറുകെ പാലമില്ലാത്തതിനാൽ പ്രദേശവാസികൾ അനുഭവിക്കുന്ന ദുരിതം ദീപിക തന്നെ പലതവണ അധികൃതരുടെ ശ്രദ്ധയിൽ എത്തിച്ചതാണ്.
കുടിയേറ്റത്തിന്റെ ആരംഭം മുതൽ പ്രദേശവാസികൾ നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ് മണാട്ടി പാലം. പാലത്തിന്റെ നിർമാണത്തിനായി പത്തുകോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. ഇതിൽ 50 ലക്ഷം സംസ്ഥാന സർക്കാരും 950 ലക്ഷം നബാർഡുമാണ് നൽകുന്നത്. മന്ത്രി റോഷി അഗസ്റ്റിൻ പ്രദേശത്തെത്തി നാട്ടുകാരുടെ ദുരിതാവസ്ഥ മനസിലാക്കിയതോടെയാണ് പാലം യാഥാർഥ്യ മാകുന്നത്. ഏഴര മീറ്റർ വീതിയിൽ 50 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക.
മണാട്ടി പുഴയുടെ ഇരു കരകളേയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് വർഷങ്ങളായി നാട്ടുകാർ നിർമിക്കുന്ന മുളപ്പാലമായിരുന്നു ഇതുവരെ പ്രദേശവാസികളുടെ ഏക ആശ്രയം. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മുളപ്പാലം നിർമിക്കാൻ സാധിച്ചിട്ടില്ല. ഇതുമൂലം പുഴയുടെ ഇരു പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായിരുന്നു. നടപ്പാലം നിർമ്മിക്കാൻ പഞ്ചായത്ത് നൽകുന്ന 9000 രൂപ ഒന്നിനും തികയുമായിരു ന്നില്ല. ബാലപുരം, വായാട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളെയും കോട്ടക്കടവ്, തടിക്കടവ് പ്രദേശങ്ങളേ യും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഏക തടസം ഈ പുഴയാണ്.
ബാലപുരത്തു നിന്നും വളരെ എളുപ്പത്തിൽ മണാട്ടി വഴി നെല്ലിപ്പാറ എത്തിച്ചേരാനുള്ള റോഡും പുഴയ്ക്ക് അക്കരെയുണ്ട്. മണാട്ടിയിൽ പാലം യാഥാർഥ്യമാകുന്നതോടെ സ്കൂൾ കുട്ടികൾക്ക് തടിക്കടവ്, കരിങ്കയം, നെല്ലിപ്പാറ, വയനാട്ടുപറമ്പ് സ്കൂളുകളിലേക്കും പ്രദേശവാസികൾക്ക് കരുവഞ്ചാൽ, ആലക്കോട്, നെല്ലിപ്പാറ ഗവ. ആശുപത്രി എന്നിവിടങ്ങളിലേക്കും വളരെ വേഗത്തിൽ എത്തിച്ചേരാൻ കഴിയും. മഴ ശക്തമാകുമ്പോൾ പ്രദേശവാസികളും വിദ്യാർഥികളും കിലോമീറ്ററുകൾ ചുറ്റി സഞ്ചരിച്ചാണ് യാത്ര ചെയ്യുന്നത്.