സ്കൂളിൽ മുഖ്യപ്രഭാഷകനായി അതിഥിതൊഴിലാളിയായ വിദ്യാർഥി
1336970
Wednesday, September 20, 2023 7:25 AM IST
ചെറുപുഴ: മാത്തിൽ സ്കൂളിൽ നിർമാണ തൊഴിലാളിയായി എത്തിയ 17കാരൻ ഹിന്ദി അസംബ്ലിയിൽ മുഖ്യപ്രഭാഷകനായി മാറി. സെപ്റ്റംബർ 14 ഹിന്ദി ദിനത്തോടനുബന്ധിച്ച് മാത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടത്തിയ ഹിന്ദി അസംബ്ലി ഉത്തർപ്രദേശ് സ്വദേശിയായ മനോജ് സിംഗ് രജപുത്തിന്റെ സാന്നിധ്യം കൊണ്ട് കുട്ടികൾക്കും അധ്യാപകർക്കും വേറിട്ട ഒരു അനുഭവമായി.
സ്കൂളിൽ ഇലക്ട്രിക്കൽ ജോലിയുടെ ഭാഗമായാണു മനോജ് സിംഗ് രജപുത്ത് സ്കൂളിൽ എത്തിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഹിന്ദി അസംബ്ലിയിൽ ഹിന്ദി കവികളെക്കുറിച്ച് സംസാരിക്കാൻ മുഖ്യാധ്യാപകൻ പി.കെ. ഭാർഗവനോട് അനുവാദം ചോദിക്കുകയും തുടർന്ന് കുട്ടികളോട് സംവദിക്കുകയുമായിരുന്നു. പ്ലസ് ടു സയൻസ് വിജയിയായ മനോജ് സിംഗ് രജപുത് ഇംഗ്ലീഷ് അധ്യാപകനാകാനുള്ള തന്റെ ആഗ്രഹവും കുട്ടികളുമായി പങ്കുവച്ചു.
തുടർപഠനത്തിന് പണം കണ്ടത്താനാണ് കേരളത്തിൽ വന്ന് തൊഴിൽ ചെയ്യുന്നതെന്നും പറഞ്ഞു. മൈഥിലി ശരൺ ഗുപ്ത, ജയശങ്കർ പ്രസാദ്, മഹാദേവി വർമ തുടങ്ങിയ കവികളുടെ വരികൾ ഉദ്ധരിച്ച് നടത്തിയ പ്രസംഗം കുട്ടികൾ അദ്ഭുതത്തോടെയും താത്പര്യത്തോടെയുമാണ് കേട്ടത്.
കേരളത്തിൽ എത്താനായത് ഭാഗ്യമായി കരുതുന്നുവെന്നും ഇവിടത്തെ അന്തരീക്ഷം തന്നെ വളരെ ആകർഷിച്ചു വെന്നും മനോജ് സിംഗ് പറഞ്ഞു.
സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ പി. രമേശൻ എന്താണ് ലക്ഷ്യമെന്ന് ചോദിച്ചപ്പോൾ ഇംഗ്ലീഷ് അധ്യാപകനാകുവാനാണ് തൊഴിൽ ചെയ്യുന്നതെന്ന് ഇംഗ്ലീഷിൽ വിവരിച്ചു. മനോജ് സിംഗ് നടത്തിയ ഹിന്ദിയിലുള്ള പ്രസംഗം അധ്യാപകരായ സി.വി. ഉണ്ണികൃഷ്ണനും എൻ. സുരേഷും വീഡിയോ എടുത്ത് നവമാധ്യമങ്ങളിൽ ഇട്ടതോടെ പ്രസംഗവും വൈറലായി.