കാടുപിടിച്ച പാതയോരത്ത് ഇഞ്ചി സമൃദ്ധമാക്കി കർഷകൻ മാത്യു
1336963
Wednesday, September 20, 2023 7:25 AM IST
കേളകം: കാടുപിടിച്ചു കിടന്നിരുന്ന പാതയോരത്ത് ഇഞ്ചി കൃഷി ചെയ്ത് നൂറുമേനി വിളവ് നേടി കേളകം വളയംചാലിലെ തൈവേലിക്കകത്ത് മാത്യു. കണിച്ചാർ- അടയ്ക്കാത്തോട് റോഡിനു സമീപം കാടുപിടിച്ചു കിടന്ന ഭാഗത്താണ് മാത്യു ഇഞ്ചി കൃഷി ചെയ്തത്. ഇവിടെ പ്രതീക്ഷിച്ചതിലധികം വിളവ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് മാത്യു.
ഇഞ്ചിക്ക് മാർക്കറ്റിൽ നല്ലവില ഉണ്ടെങ്കിലും അവ വിൽപ്പന നടത്താതെ സ്വന്തം ആവശ്യത്തിനും അയൽവാസികൾക്കും വിഷരഹിതമായ ഇഞ്ചി നൽകാനൊരുങ്ങുകയാണ് മാത്യു. റോഡ് അരികിലെ കാടുവെട്ടി തെളിയിക്കാൻ പഞ്ചായത്തും മറ്റു സർക്കാർ സംവിധാനങ്ങളും ലക്ഷങ്ങൾ മുടക്കുമ്പോഴാണ് ഒരു ചെലവുമില്ലാതെ റോഡ് അരികുകൾ ഭംഗിയാകുന്നതോടൊപ്പം കൃഷി ചെയ്ത് ഉപകാരപ്പെടുത്താനാവുമെന്ന് ഈ കർഷകൻ തെളിയിച്ചിരിക്കുന്നത്.