കുപ്പി അടപ്പുകളിൽ വിരിഞ്ഞു, തിരുഹൃദയരൂപം
1298929
Wednesday, May 31, 2023 7:37 AM IST
ചെറുപുഴ: തിരുഹൃദയഭക്തി പ്രചരിപ്പിക്കാൻ കുപ്പികളുടെ അടപ്പുകൊണ്ട് കൂറ്റൻ തിരുഹൃദയ രൂപം തീർത്ത് കെസിവൈഎം പ്രവർത്തകർ. കെസിവൈഎം ചെറുപുഴ യൂണിറ്റിന്റെ നേതൃത്വത്തിലാണ് തിരുഹൃദയ രൂപം നിർമിച്ചത്. യുവജനങ്ങള്‍ ഈശോയോടു ചേര്ന്നുനില്ക്കണമെന്ന് ആഹ്വാനത്തോടെ ചെറുപുഴയിൽ നടന്ന യുവജനാഘോഷത്തിന്റെ ഭാഗമായാണ് രൂപം നിർമിച്ചത്. മൂന്നേകാൽ മീറ്റർ സമചതുരത്തിലുള്ള വലിയ കാന്‍വാസില്‍ 12000ലധികം കുപ്പി അടപ്പുകൾ ഉപയോഗിച്ച് മൊസൈക് കലയിലാണ് തിരുഹൃദയ രൂപം തീര്‍ത്തത്.അടപ്പുകൾക്ക് നിറം നല്കിയ ശേഷം കാന്‍വാസില്‍ ഒട്ടിക്കുകയായിരുന്നു. ചുവപ്പ്, മഞ്ഞ, ഓറഞ്ച്, കറുപ്പ്, വെള്ള എന്നീ അഞ്ച് നിറങ്ങൾ ഉപയോഗിച്ചു.
എബിൻ തോമസിന്റേതാണ് രൂപകല്പന. അടപ്പുകളിൽ തീർത്ത ഇത്രയും വലിയ ഒരു തിരുഹൃദയ രൂപം ലോകത്തില്‍ തന്നെ ആദ്യമായിരിക്കാമെന്ന് കെസിവൈഎം പ്രവർത്തകർ പറയുന്നു. തിരുഹൃദയത്തോടുള്ള വണക്കത്തിനായി മാറ്റിവച്ചിരിക്കുന്ന ജൂണ്‍ മാസത്തിന് മുന്നോടിയായി തിരുഹൃദയ രൂപം ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിലേക്ക് മാറ്റും.
നിർമാണ പ്രവർത്തനങ്ങൾക്ക് കെസിവൈഎം ചെറുപുഴ യൂണിറ്റ് പ്രസിഡന്റ് ബിബിൻ തോമസ്, സെക്രട്ടറി സെബാസ്റ്റ്യൻ റെജി, ഡീക്കൻ ജെയിൻ ജോർജ് എംഎസ്എഫ്എസ്, ഐവിൻ ജോസ് പാറേത്താഴത്ത്, ബിൽബിൻ ചാമക്കാലായിൽ, ആൽഫ്രഡ് ഫിലിപ്പ്, ആരോൺ തോമസ്, അഭിജിത്ത്, മാത്യൂസ്, അംബ്രോസ് എന്നിവർ നേതൃത്വം നൽകി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയ വികാരി ഫാ. ജോസ് വെട്ടിക്കൽ, അസി.വികാരി ഫാ. ജിതിൻ കളത്തിൽ എന്നിവർ പിന്തുണയുമായി യുവജനങ്ങൾക്കൊപ്പമുണ്ടായിരുന്നു.