രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ബിജെപി അജണ്ട: മുല്ലപ്പള്ളി
1280794
Saturday, March 25, 2023 1:05 AM IST
കണ്ണൂർ: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയുള്ള ലോക് സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം അങ്ങേയറ്റം ധൃതി പിടിച്ചതും ജനാധിപത്യ സംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയും അസ്ഥിരപ്പെടുത്താനുള്ള ബിജെപി സർക്കാരിന്റെ അജണ്ടയുമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. രാഹുൽ ഗാന്ധിയുടെ വായ മൂടിക്കെട്ടി ജനാധിപത്യ സംവിധാനത്തെ നിശബ്ദമാക്കാനുള്ള ഹീന ശ്രമമാണ് മോദിയും സംഘ് പരിവാർ ശക്തികളും നടത്തിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യ ബോധമുള്ളവർക്ക് ഇതംഗീകരിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ജനാധിപത്യത്തെയും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യത്തെയും ഒരിക്കലും മാനിക്കാത്ത പാർട്ടിയാണ് ബിജെപി. ജനാധിപത്യ-മത നിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കൊതിക്കുന്ന മുഴുവൻ ആളുകൾക്കും രാഹുൽ ഗാന്ധി പ്രതീക്ഷയാണ്. ഫാസിസത്തിനെതിരെ രാഹുൽ ഗാന്ധിയെപ്പോലെ നിർഭയമായി അഭിപ്രായ പ്രകടനം നടത്തുന്ന മറ്റൊരു നേതാവിനെ ഇന്ന് കാണാൻ കഴിയില്ല. പാർലമെന്റിനകത്തും പുറത്തും അദ്ദേഹത്തിന്റെ പ്രവർത്തനം ധീരമാണ്. ജനാധിപത്യ മതേതര വിശ്വാസികളുടെ പിന്തുണ രാഹുൽ ഗാന്ധിക്കുണ്ട്. അദ്ദേഹ ത്തി ന്റെ ഉജ്ജ്വലമായ പോരാട്ടം ലക്ഷ്യത്തിലെത്തുകതന്നെ ചെയ്യുമെന്നും മുല്ലപ്പള്ളി പറഞ്ഞു.