അവകാശങ്ങളെക്കുറിച്ച് ജില്ലയിലെ സ്ത്രീകളിൽ അവബോധം കുറവ്: വനിതാ കമ്മീഷൻ അധ്യക്ഷ
1549433
Saturday, May 10, 2025 5:38 AM IST
കൽപ്പറ്റ: അവകാശങ്ങളെക്കുറിച്ച് ജില്ലയിലെ സ്ത്രീകളിൽ അവബോധം കുറവാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. കളക്ടറേറ്റിൽ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് കമ്മീഷന് ജില്ലയിൽനിന്നു ലഭിക്കുന്ന പരാതികൾ കുറവാണ്. പരാതികളിൽ ഭൂരിഭാഗവും ഗാർഹിക പീഡനം സംബന്ധിച്ചാണ്. ഭാര്യാഭർത്താൻമാർ തമ്മിലുള്ള കലഹങ്ങൾ കൂടുതലായും കൗമാരക്കാരായ കുട്ടികളെയാണ് ബാധിക്കുന്നത്. വയോധികരായ സ്ത്രീകളെ സംരക്ഷിക്കാത്തത് സംബന്ധിച്ച പരാതികൾ കമ്മീഷന് ലഭിക്കുന്നുണ്ടെന്നും ചെയർപേഴ്സണ്‍ പറഞ്ഞു.
അദാലത്തിൽ പരിഗണിച്ച 22 പരാതികളിൽ രണ്ടെണ്ണം തീർപ്പാക്കി. 16 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. നാല് പരാതികളിൽ പോലീസ് റിപ്പോർട്ട് തേടി. കമ്മീഷൻ അംഗം അഡ്വ.പി. കുഞ്ഞായിഷ, കൗണ്‍സിലർമാരായ ഷിനു ജോർജ്, റിയ റോസ്, സാമൂഹികനീതി വകുപ്പ് കൗണ്‍സലർ എം.എം. റീന എന്നിവരുംപങ്കെടുത്തു.