ജാത്യധിക്ഷേപം: കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് രാജിവയ്ക്കണമെന്ന്
1548932
Thursday, May 8, 2025 6:22 AM IST
പുൽപ്പള്ളി: പ്രവർത്തകയ്ക്കെതിരേ ജാത്യധിക്ഷേപം നടത്തിയ കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ രാജിവയ്ക്കണമെന്ന് മഹിളാ കോണ്ഗ്രസ് നേതാക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റിനെതിരേ ഒരാഴ്ചയ്ക്കുള്ളിൽ പാർട്ടിതല നടപടിയുണ്ടായില്ലെങ്കിൽ മണ്ഡലം കമ്മിറ്റി ഓഫീസിന് മുന്പിൽ കുടിൽകെട്ടി സമരം നടത്തുമെന്നു നേതാക്കൾ പറഞ്ഞു.
ദളിത് കോണ്ഗ്രസ് മണ്ഡലം സെക്രട്ടറിയും കോണ്ഗ്രസ് ബ്ലോക്ക് നിർവാഹക സമിതിയംഗവുമായ നന്ദിനി സുരേന്ദ്രനെയാണ് പാർട്ടി പ്രവർത്തകരുടെ മുന്പിൽ ജാതിപ്പേരുവിളിച്ച് അപമാനിച്ചത്. രണ്ട് മാസം മുന്പ് മുള്ളൻകൊല്ലിയിൽ ജെബി മേത്തർ എംപിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിനിടെയാണ് നന്ദിനിക്ക് ദുരനുഭവം.
ഇതിനെതിരേ കെപിസിസി, ഡിസിസി അധ്യക്ഷൻമാർക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിഷയത്തിൽ ആവശ്യമെന്നുകണ്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും മഹിളാ കോണ്ഗ്രസ് ഭാവാഹികൾ പറഞ്ഞു. ഷീജ ജയിംസ്, നന്ദിനി സുരേന്ദ്രൻ, മിനി റോജി, ജലജ സജി, ത്രേസ്യാമ്മ കീരിക്കുന്നേൽ എന്നിവർ പങ്കെടുത്തു.
ആരോപണം അടിസ്ഥാന രഹിതം: ഷിനോ കടുപ്പിൽ
പുൽപ്പള്ളി: വനിതാ പ്രവർത്തകയെ താൻ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കോണ്ഗ്രസ് മുള്ളൻകൊല്ലി മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പിൽ പ്രസ്താവനയിൽ പറഞ്ഞു. ആരോപണത്തിനുപിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. താൻ അപമാനിച്ചതായി ചിലർ പറയുന്ന വനിതയെ പരിചയമില്ല. ഇവർ മഹിളാ കോണ്ഗ്രസിലുണ്ടോയെന്ന് അറിയില്ല.
ആരോപണങ്ങൾ കള്ളക്കഥ മാത്രമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ജെബി മേത്തർ എംപിയും പാർട്ടി സംസ്ഥാന, ജില്ലാ നേതാക്കളും പങ്കെടുത്ത ചടങ്ങിൽ താൻ വേദിയിലിരിക്കുകയോ അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. മാന്യമായി പൊതുപ്രവർത്തനം നടത്തുന്ന തന്നെ അപമാനിക്കാൻ ഗൂഢാലോചന നടത്തിയവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും ഷിനോ കടുപ്പിൽ പറഞ്ഞു.