മഴക്കാല മുന്നൊരുക്കം : ദുരിതാശ്വാസ ക്യാന്പുകൾക്കു സ്കൂൾ ഇതര കെട്ടിടങ്ങൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ
1549196
Friday, May 9, 2025 6:19 AM IST
കൽപ്പറ്റ: മഴക്കാലത്ത് ആളുകളെ മാറ്റിപാർപ്പിക്കാൻ സ്കൂളുകൾ അല്ലാത്ത സുരക്ഷിത കെട്ടിടങ്ങൾ പഞ്ചായത്തുകൾ കണ്ടെത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ. കളക്ടറേറ്റിൽ മഴക്കാല മുന്നൊരുക്ക അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ദുരിതാശ്വാസ ക്യാന്പുകളായി ഉപയോഗപ്പെടുത്തുന്നതിന് കണ്ടെത്തിയ 251 ഇടങ്ങളിൽ അധികവും സ്കൂൾ കെട്ടിടങ്ങളാണ്.
വിദ്യാലയങ്ങളിൽ ക്യാന്പ് പ്രവർത്തിക്കുന്നത് കുട്ടികളുടെ പഠനം മുടങ്ങുന്നതിന് കാരണമാകും. ഈ സാഹചര്യം ഒഴിവാക്കണം. സുരക്ഷിതമായ മറ്റു കെട്ടിടങ്ങൾ കണ്ടെത്തുന്നതിന് തദ്ദേശഭരണ ജോയിന്റ് ഡയറക്ടർ പഞ്ചായത്തുകളുടെ യോഗം വിളിച്ചശേഷം റിപ്പോർട്ട് നൽകണമെന്ന് കളക്ടർ ആവശ്യപ്പെട്ടു.
ജില്ലയിൽ പൊതുമരാമത്ത് റോഡുകളിലെ കുഴി അടയ്ക്കുന്ന പ്രവൃത്തി 80 ശതമാനം പൂർത്തിയായതായി പൊതുമരാമത്ത്(റോഡ്)വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. ബാക്കി പ്രവൃത്തി മഴക്കാലത്തിനു മുന്പ് തീർക്കും. വൈദ്യുത ലൈനുകളിലേക്ക് ചാഞ്ഞ മരങ്ങളും ചില്ലകളും വെട്ടിമാറ്റുന്നത് ഹൈടെൻഷൻ ലൈനിൽ 80 ശതമാനം പൂർത്തിയായതായി കഐസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കെഎസ്ഇബിയുടെ 18 സെക്ഷനുകളിലും അതത് പഞ്ചായത്ത് പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം ചേർന്ന് അപകടാവസ്ഥയിലുള്ള മരങ്ങളും ചില്ലകളും മുറിച്ചുമാറ്റിയെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടർ നിർദേശിച്ചു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പട്ടിക പഞ്ചായത്തുതലത്തിൽ ശേഖരിക്കണം.
കുളം നവീകരണം, ബണ്ട് നിർമാണം എന്നിങ്ങനെ ജലസ്രോതസുകൾ ശുദ്ധീകരിക്കുന്ന 411 പ്രവൃത്തികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഏപ്രിലിനുശേഷം നടത്തിയതായി താഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. പടിഞ്ഞാറത്തറ ഡാം അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായി അവർ വ്യക്തമാക്കി.
ഗ്രാമീണ റോഡുകൾ ജലവിതരണ പദ്ധതിക്കായി പൊളിച്ചശേഷം കുഴി മണ്ണിട്ട് മൂടാത്തത് ഭീഷണിയാണെന്ന് അന്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹഫ്സത്ത് ചൂണ്ടിക്കാട്ടി. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിൽ പൊതുമരാമത്ത് വിഭാഗം കാലവിളംബം വരുത്തുന്നതായി മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു പറഞ്ഞു.
ഉൾക്കാടുകളിൽ പെയ്യുന്ന മഴയുടെ വിവരം ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടർ വനം വകുപ്പിന് നിർദേശം നൽകി. സുഗന്ധഗിരി ഭാഗത്ത് മൊബൈൽ കവറേജ് പ്രശ്നം ഉള്ളതിനാൽ ആശയ വിനിമയത്തിന് ബദൽ സംവിധാനമുണ്ടാക്കണം. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ അവശിഷ്ടങ്ങൾ മഴക്കാലത്ത് അപകടങ്ങൾ വരുത്താതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നു കളക്ടർ നിർദേശിച്ചു.
കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിൽ ലഭിച്ച മഴ, സംഭവിച്ച ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, കാലാവസ്ഥാമാറ്റം, ജനസംഖ്യാ വർധന, അപകട ഭീഷണിയുള്ള സ്ഥലങ്ങൾ, പ്രതിരോധ നടപടികൾ എന്നിവ വിശദീകരിച്ച് ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് അവതരണം നടത്തി. ജില്ലയിലെ 21 ശതമാനം പ്രദേശങ്ങളിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.
48 ശതമാനം പ്രദേശങ്ങൾ ശരാശരി സാധ്യതയുള്ള വിഭാഗത്തിലും 30 ശതമാനം പ്രദേശങ്ങൾ സാധ്യത കുറഞ്ഞ വിഭാഗത്തിലുമാണെന്ന് വിഷ്ണുദാസ് ചൂണ്ടിക്കാട്ടി. ജൂണ് മുതൽ ജില്ലയിലെ ഓരോ മലനിരകളിലും പെയ്യുന്ന മഴ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
നിലവിൽ ജില്ലയിൽ 260 മാപിനികളിൽനിന്നു മഴയുടെ തോത് ദിവസേന ശേഖരിക്കുന്നുന്നുണ്ടെന്നു വിഷ്ണുദാസ് പറഞ്ഞു. എഡിഎം കെ, ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ കെ. കെ. വിമൽരാജ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.