ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണം: സിപിഎം ജില്ലാ സെക്രട്ടറി
1548647
Wednesday, May 7, 2025 5:51 AM IST
കല്‍പ്പറ്റ: ഐ.സി. ബാലകൃഷ്ണന് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ. റഫീഖ് ആവശ്യപ്പെട്ടു. ബത്തേരി അര്‍ബൻ ബാങ്ക് നിയമനക്കോഴ വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണനെതിരേ കേസെടുക്കാന്‍ അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിരിക്കയാണ്.
ബാങ്കില്‍ നിയമനം വാഗ്ദാനം ചെയ്തു നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് എംഎല്‍എയ്ക്ക് എതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ കാമ്പുണ്ടെന്നാണ് വിജിലന്‍സ് ഡിവൈഎസ്പി ഷാജി വര്‍ഗീസ് മേലധികാരിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ.
ഈ സാഹചര്യത്തില്‍ എംഎല്‍എയായി തുടരാന്‍ ബാലകൃഷ്ണന് അര്‍ഹതയില്ല. സഹകരണ ബാങ്കുകളില്‍ നിയമനം നല്‍കാമെന്ന് വിശ്വസിപ്പിച്ച് പലരില്‍നിന്നായി കോടിക്കണക്കിനു രൂപയാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ തട്ടിയെടുത്തത്.
തട്ടിപ്പുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഭിന്നശേഷിക്കാരനായ മകനൊപ്പം ജീവനൊടുക്കാന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയനു പ്രേരണയായതെന്നു റഫീഖ് കുറ്റപ്പെടുത്തി.