വന്യജീവി സങ്കേതത്തിൽ രണ്ടിടങ്ങളിൽ റേഞ്ച് ഓഫീസർമാരില്ല
1549206
Friday, May 9, 2025 6:26 AM IST
സുൽത്താൻബത്തേരി: കാട്ടാനശല്യം വർധിക്കുന്പോഴും വന്യജീവി സങ്കേതത്തിൽ രണ്ടിടങ്ങളിൽ രണ്ട് മാസമായി റേഞ്ച് ഓഫീസർമാരില്ല. ബത്തേരി റേഞ്ചിലും എലഫന്റ് സ്ക്വാഡ് ആൻഡ് ആർആർടി റേഞ്ചിലുമാണ് ഓഫീസർമാരില്ലാത്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നതാണ് ബത്തേരി റേഞ്ചിന് പരിധിയിലുള്ള പ്രദേശങ്ങൾ.
കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലെത്തി വിളനാശവും ആക്രമണവും നടത്തുന്പോൾ വേഗത്തിലെത്തി സേവനം നൽകേണ്ട വിഭാഗമാണ് എലഫന്റ് സ്ക്വാഡ് ആൻഡ് ആർആർടി.
കുറിച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനാണ് രണ്ട് മാസമായി ബത്തേരി റേഞ്ചിന്റെ ചുമതല.
ആർആർടി റേഞ്ച് ഓഫീസർ മേപ്പാടി റേഞ്ചിലേക്ക് സ്ഥലംമാറിയതോടെ ചുമതല മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡനാണ്. സ്വന്തം റേഞ്ചുകളുടെ ഭാരിച്ച ഉത്തരവാദിത്വം ഉള്ളപ്പോഴാണ് ഇവർക്ക് മറ്റ് റേഞ്ചുകളുടെ ചുമതല കൂടി വഹിക്കേണ്ടിവരുന്നത്. ഇത് നാല് റേഞ്ചുകളിലും പ്രവർത്തനതാളം തെറ്റുന്നതിന് കാരണമാകുകയാണ്.