ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ ’ഓപ്പറേഷൻ അഭ്യാസ്’ വിജയകരമായി നടത്തി
1548933
Thursday, May 8, 2025 6:22 AM IST
കൽപ്പറ്റ: ജില്ലയിൽ നാല് കേന്ദ്രങ്ങളിൽ സിവിൽ ഡിഫൻസ് മോക് ഡ്രിൽ(ഓപ്പറേഷൻ അഭ്യാസ്) വിജയകരമായി നടത്തി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രി, ചൂണ്ടേൽ കിൻഫ്ര വ്യവസായ പാർക്ക്, അന്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രം, വൈത്തിരി എൻ ഉൗര് വിനോദസഞ്ചാരകേന്ദ്രം എന്നിവിടങ്ങളിലാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ’ബോംബ് ആക്രമണ’മാണ് നടന്നത്. വൈകുന്നേരം നാലിനുണ്ടായ ’ആക്രമണ’ത്തിൽ രണ്ടു പേർ ’മരണപ്പെട്ടു’. പരിക്കേറ്റ എട്ടു പേരെ അപകട അലാം മുഴങ്ങിയ ഉടൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ ട്രയാജ് മേഖലയിലേക്ക് മാറ്റി ചികിത്സ ലഭ്യമാക്കി.
24 സിവിൽ ഡിഫൻസ് വോളണ്ടിയർമാരും 22 എൻസിസി കേഡറ്റുകളും അഗ്നി-രക്ഷാസേനയിലെ ഏഴു പേരും രണ്ട് ഹോം ഗാർഡുകളും ആരോഗ്യ വിഭാഗത്തിൽനിന്ന് 52 പേരും പോലീസിലെ 15 പേരും പട്ടാളത്തിലെ മൂന്നുപേരും ഒരു എൻസിസി ഓഫീസറും രക്ഷാദൗത്യത്തിൽ പങ്കാളികളായി. മൂന്നു ആംബുലൻസുകൾ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ചു. മാനന്തവാടി തഹസിൽദാർ എം.ജെ. അഗസ്റ്റിൻ ഇൻസിഡന്റ് കമാൻഡറായിരുന്നു.
’മിസൈൽ ആക്രമണ’ത്തിൽ ഒരു വ്യവസായ യൂണിറ്റിൽ ’തീപിടിച്ചുണ്ടായ’ അത്യാഹിതമായിരുന്നു കിൻഫ്ര പാർക്കിൽ. അഗ്നി-രക്ഷാ നിലയത്തിൽനിന്നു വാഹനങ്ങൾ എത്തി തീയണച്ചു. പരിക്കേറ്റ അഞ്ചു പേരെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയർ ആൻഡ് റസ്ക്യൂ കൽപ്പറ്റ സ്റ്റേഷൻ ഓഫീസർ പി.കെ. ബഷീർ ഇൻസിഡന്റ് കമാൻഡറായിരുന്നു.
ആർഎആർഎസ് കാന്പസിലും എൻ ഊരിലും ആക്രമണ സൂചന ലഭിച്ചാലുള്ള തയാറെടുപ്പാണ് പരീക്ഷിച്ചത്. ആർഎആർഎസ് കാന്പസൽ ആകാശം വഴിയുള്ള ആക്രമണത്തിന്റെ അലാം മുഴങ്ങിയപ്പോൾ പരിസരത്ത് ഉണ്ടായിരുന്ന 150 പേരെ നാല് ഗ്രൂപ്പായി തിരിച്ച് ക്ലാസ് മുറികളിലേക്ക് മാറ്റി. മുറികളുടെ ജനലുകളും വാതിലും അടച്ചു. വിളക്ക് അണച്ചു. ബത്തേരി തഹസിൽദാർ എം.എസ്. ശിവദാസനായിരുന്നു ഇൻസിഡന്റ് കമാൻഡർ.
എൻ ഊരിൽ നിന്ന് 82 പേരെ 21 വാഹനങ്ങളിലായി അലാം മുഴങ്ങി മിനിറ്റുകൾക്കുള്ളിൽ സമീപത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലേക്ക് മാറ്റി. ഇവിടെ 32 സിവിൽ ഡിഫൻസ് വോളണ്ടിയർമാരും 30 പോലീസുകാരും 19 എൻസിസി കേഡറ്റുകളും സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് അംഗങ്ങളും 10 റവന്യു ജീവനക്കാരും അഗ്നി-രക്ഷാസേനയിലെ ആറു പേരും രണ്ട് ഹോംഗാർഡുമാരും എൻ ഉൗരിലെ 70 ജീവനക്കാരും രക്ഷപ്രവർത്തനത്തിൽ പങ്കാളികളായി.
വൈത്തിരി തഹസിൽദാർ വി. കുമാരി ബിന്ദു ഇൻസിഡന്റ് കമാൻഡറായി. വൈത്തിരി പോലീസ് ഇൻസ്പെക്ടർ സി.ആർ. അനിൽകുമാർ, അഗ്നിരക്ഷാ സേന അസി.സ്റ്റേഷൻ ഓഫീസർ കെ. സതീഷ് ബാബു, ഡെപ്യൂട്ടി തഹസിൽദാർ കെ. അശോകൻ എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു. മോക് ഡ്രില്ലിന് ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ മേൽനോട്ടം വഹിച്ചു.