വള്ളിയൂർക്കാവ് ആഴ്ചച്ചന്ത പദ്ധതി 30നകം പ്രവർത്തനസജ്ജമാകും
1548930
Thursday, May 8, 2025 6:22 AM IST
കൽപ്പറ്റ: വള്ളിയൂർക്കാവ് ക്ഷേത്രത്തിന്റെ ചരിത്രവും പൈതൃകവും പുനഃസ്ഥാപിക്കുന്ന ആഴ്ചച്ചന്ത (വള്ളിയൂർക്കാവ് ഡെവലപ്മെന്റ് ഓഫ് മാർക്കറ്റ് ആൻഡ് എക്സിബിഷൻ സ്പേസ്) പദ്ധതി 30നകം പ്രവർത്തനസജ്ജമാകും. തലശേരി പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ആഴ്ചച്ചന്തയ്ക്ക് 4.87 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കളക്ടറേറ്റിൽ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
എഡിഎം കെ. ദേവകി, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ. രമ, മലബാർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ(അഡ്മിനിസ്ട്രേഷൻ) പി.ടി. വിജയി, എക്സിക്യുട്ടീവ് ഓഫീസർ പി.വി. വിജയൻ, മാനന്തവാടി നഗരസഭാ കൗണ്‍സിലർ കെ.സി. സുനിൽകുമാർ, ഡിടിപിസി പ്രതിനിധികളായ പി.എം. രതീഷ്ബാബു, പി.പി. പ്രവീണ്‍, വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ. പദ്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
മലബാർ ദേവസ്വം ബോർഡിനാണ് പദ്ധതി നടത്തിപ്പു ചുമതല. വരുമാനത്തിൽ 80 ശതമാനം മലബാർ ദേവസ്വം ബോർഡിനും 20 ശതമാനം വിനോദസഞ്ചാര വകുപ്പിനും ലഭിക്കും. ഇതിനുള്ള ധാരണാപത്രത്തിൽ ഇരുകൂട്ടരും ഒപ്പുവയ്ക്കും. 43 സ്റ്റാളുകളാണ് ചന്തയിൽ ഉണ്ടാകുക. ഓരോ സ്റ്റാൾ ദേവസ്വം ബോർഡിനും വിനോദസഞ്ചാര വകുപ്പിനും നൽകും.
ബാക്കി സ്റ്റാളുകൾ പട്ടികവർഗ വിഭാഗത്തിനും സ്ത്രീകൾക്കും ഭിന്നശേഷി വിഭാഗത്തിനും സംവരണം ഉറപ്പാക്കി ലേലം ചെയ്യും. ആഴ്ചച്ചന്തയ്ക്ക് കെട്ടിട നന്പർ മാനന്തവാടി മുനിസിപ്പാലിറ്റി ഉടൻ നൽകും.
വൈദ്യുതി കണക്ഷൻ വൈകാതെ ലഭ്യമാക്കും. പരിപാലനത്തിന് സുരക്ഷാ ജീവനക്കാരെയും ശുചീകരണത്തൊഴിലാളികളെയും നിയമിക്കും. കാർഷികോത്പന്നങ്ങൾ, ഗോത്രവർഗക്കാരുടെ തനത് ഉത്പന്നങ്ങൾ, കാർഷികയന്ത്രങ്ങൾ, ഉപകരണങ്ങൾ,
വെജിറ്റേറിയൻ വിഭവങ്ങൾ, കരകൗശല, കൈത്തറി, കുടുംബശ്രീ, മുള ഉത്പന്നങ്ങൾ, വിത്തുകൾ, തൈകൾ തുടങ്ങിയവയുടെ വിപണനം സ്റ്റാളുകളിൽ നടക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് തത്സമയ ഡെമോണ്‍സ്ട്രഷൻ ഉണ്ടാകും.