കെപിസിസി പുനഃസംഘടന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ലോഞ്ചിംഗ്: വി.ഡി. സതീശന്
1549205
Friday, May 9, 2025 6:19 AM IST
പുല്‍പ്പള്ളി: കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ലോഞ്ചിംഗ് ആണ് കെപിസിസി പുനഃസംഘടനയിലൂടെ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. സീതാമൗണ്ടില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനഃസംഘടനയിലൂടെ തെരഞ്ഞെടുത്തത് മികച്ച ടീമിനെയാണ്. ഇത് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഐതിഹാസികമായ തിരിച്ചുവരവിന് വഴിയൊരുക്കും.
കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവര്ക്കും സന്തോഷം തോന്നി. കൂടിയാലോചനകള്‍ക്കു ശേഷമാണ് പുനഃസംഘടന നടത്തിയത്. സണ്ണി ജോസഫ് കരുത്തനായ നേതാവാണ്. ഡിസിസി പ്രസിഡന്റ്, പാര്ലമെന്റേറിയന്, അഭിഭാഷകന്, പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി അംഗം, സംഘാടകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ വ്യക്തിയാണ് അദ്ദേഹം.
2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നൂറിലധികം സീറ്റുകള്‍ നേടി അധികാരത്തില്‍ വരാനുള്ള പദ്ധതിയുമായാണ് കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇതിന് പാര്‍ട്ടിയിലെ മുതിര്‍ന്നവരും യുവാക്കളും വനിതകളും ഉള്‍പ്പെടെയുള്ളവരുടെ കൂട്ടായ പരിശ്രമമാണ് നടക്കുന്നത്.
കെ. സുധാകരന് പാര്‍ട്ടിയുടെ മുന്‍നിരയില്‍ത്തന്നെയുണ്ടാകും. സുധാകരനും താനും നല്ല സുഹൃത്തുക്കളാണ്. ഒരിക്കല്‍പോലും അദ്ദേഹവുമായി പിണങ്ങിയിട്ടില്ല. മാധ്യമങ്ങള്‍ എത്രയോ വാര്‍ത്തകളുണ്ടാക്കി. അപ്പോഴെല്ലാം അദ്ദേഹം ഇതെന്താണെന്ന് വിളിച്ച് അന്വേഷിക്കുമായിരുന്നുവെന്നും സതീശന് പറഞ്ഞു.