64-ാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പുമായി തോമസ്
1548935
Thursday, May 8, 2025 6:25 AM IST
കൽപ്പറ്റ: ലഹരിക്കെതിരേ പോരാടി വിജയിച്ച ഒരു വയനാട്ടുകാരന്റെ അസാധാരണ കഥയുടെ ചുരുളഴിയുന്ന കാഴ്ചയ്ക്കാണ് കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശയാത്രയോടനുബന്ധിച്ച് നടന്ന മാരത്തണ്‍ സാക്ഷ്യം വഹിച്ചത്. പനമരം മുതൽ വള്ളിയൂർക്കാവ് ജംഗ്ഷൻ വരെ നടന്ന മാരത്തണിൽ പങ്കെടുത്ത തോമസ് പള്ളിത്താഴത്ത് എന്ന 64കാരന്റെ ജീവിതം ലഹരിയുടെ നീരാളിപ്പിടുത്തത്തിൽനിന്നു ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള മാറ്റത്തിന്റെ നേർക്കാഴ്ചയാണ്.
മുംബൈയിൽനിന്നു ഡൽഹി, കൊൽക്കത്ത, ആസാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചരക്കുമായി പോകുന്ന ട്രക്ക് ഡ്രൈവറായിരുന്നു ചെറുപ്പത്തിൽ തോമസ്. ചില ദുശീലങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
50-ാം വയസിൽ ആരോഗ്യപ്രശ്നങ്ങൾ അലട്ടിത്തുടങ്ങിയതോടെയാണ് തോമസ് ജീവിതത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചുതുടങ്ങിയത്. മക്കളുടെ വിദ്യാഭ്യാസം കഴിയുന്നതുവരെയെങ്കിലും ജോലി ചെയ്യണമെന്ന ആഗ്രഹവും അതിന് ആരോഗ്യം അനിവാര്യമാണെന്ന തിരിച്ചറിവും അദ്ദേഹത്തെ ഓട്ടത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തി.
ആദ്യഘട്ടത്തിൽ മുംബൈയിലോ ഡൽഹിയിലോ ലോറി നിർത്തിയിട്ട് ഒന്നോ രണ്ടോ കിലോമീറ്റർ ഓടിത്തുടങ്ങിയ തോമസ്, പതിയെ മാരത്തണ്‍ ഓട്ടക്കാരനായി മാറി. ഈ മാറ്റം ഹോബിയിൽ ഒതുങ്ങിയില്ല. ടാറ്റാ മുംബൈ മാരത്തോണിൽ 60 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ 21 കിലോമീറ്റർ മീറ്റ് റെക്കോർഡോടെ സ്വർണം നേടാൻ തോമസിന് കഴിഞ്ഞു.
മക്കളുടെ വിദ്യാഭ്യാസം പൂർത്തിയായി, അവർക്ക് ജോലിയായി, സ്വന്തമായി വീടായി എന്ന ഘട്ടമെത്തിയപ്പോൾ 60-ാം വയസിൽ തോമസ് വീണ്ടും പഴയ ജീവിതശൈലിയിലേക്ക് വഴുതിപ്പോയിരുന്നു. വല്ലപ്പോഴുമുള്ള മദ്യപാനം ആരോഗ്യത്തെ ബാധിച്ചു. ഓരോ മാരത്തണിലും പ്രകടനം മോശമാകുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.
ഈ സമയത്താണ്, ന്ധ80 കഴിഞ്ഞാലും നിങ്ങൾ വൃദ്ധനാകുന്നില്ല, നിങ്ങളുടെ ചിന്തകൾക്ക് വാർധക്യം ബാധിച്ചാൽ മാത്രമേ നിങ്ങൾ വൃദ്ധനാകൂന്ധ എന്ന വാചകം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ലഹരി പൂർണമായും ഉപേക്ഷിച്ചും ഭക്ഷണശീലങ്ങളിൽ മാറ്റംവരുത്തിയും തോമസ് വീണ്ടും ട്രാക്കിലേക്ക് ശക്തമായി തിരിച്ചുവന്നു.
55-ാം വയസിൽ ഓടിയതിനേക്കാൾ മികച്ച സമയത്തിൽ 21 കിലോമീറ്ററും 42 കിലോമീറ്ററും ഓടാൻ ഇപ്പോൾ കഴിയുന്നുണ്ടെന്ന് തോമസ് പറയുന്നു. പ്രായം മനസിനെ തളർത്താത്തിടത്തോളം ശരീരത്തെയും അത് ബാധിക്കില്ല എന്നതിനു ജീവിക്കുന്ന തെളിവാണ് തോമസ്. ഒരു ലോക മീറ്റിൽ മെഡൽ വയനാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തോമസ് കഠിന പരിശീലനം തുടരുകയാണ്.
എഴുത്തുവഴിയിലും തോമസ് കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ‘ട്രക്കിലും ട്രാക്കിലും’ എന്ന പേരിൽ അദ്ദേഹം രചിച്ച പുസ്തകം സന്തോഷ് ജോർജ് കുളങ്ങരയാണ് പ്രകാശനം ചെയ്തത്. ഇപ്പോൾ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. കായികവകുപ്പ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശയാത്രയിലും മാരത്തണിലും പങ്കെടുക്കാനായതിൽ അതീവ സന്തോഷമുണ്ടെന്ന് തോമസ് പറഞ്ഞു.