കുറുവ ദ്വീപിൽ സന്ദർശകത്തിരക്കേറുന്നു
1549197
Friday, May 9, 2025 6:19 AM IST
മാനന്തവാടി: വിഖ്യാത പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രമായ കുറുവ ദ്വീപിൽ സന്ദർശകത്തിരക്കേറുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ ഏകദേശം 50 ലക്ഷം രൂപയാണ് കേന്ദ്രത്തിൽ വരുമാനം. വന സംരക്ഷണ സമിതി ജീവനക്കാരൻ പാക്കം വെള്ളച്ചാലിൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് അടച്ചിട്ട കുറുവ വിനോദ സഞ്ചാര കേന്ദ്രം സന്ദർശകരുടെ എണ്ണം നിയന്ത്രിച്ചും പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചും 2024 ഒക്ടോബർ 15നാണ് തുറന്നത്.
ഇതിനുശേഷം ഇതുവരെ ഡിടിപിസി നിയന്ത്രണത്തിലുള്ള പാൽവെളിച്ചം വഴി മാത്രം 37,928 പേർ ദ്വീപ് സന്ദർശിച്ചു. റാഫ്റ്റിംഗ് ഇനത്തിൽ 23,58,200 രൂപയും കയാക്കിംഗ് ഇനത്തിൽ 3,10,200 രൂപയും വരുമാനം ലഭിച്ചു. മധ്യവേനലവധി ആരംഭിച്ച ഏപ്രിലിൽ 7,171 പേർ ദ്വീപ് സന്ദർശിച്ചു. 11,48,835 രൂപ വരുമാനം ലഭിച്ചു.
ദ്വീപിൽ പ്രവേശനത്തിന് നികുതി ഉൾപ്പെടെ മുതിർന്നവർക്ക് 220 ഉം കുട്ടികൾക്ക് 100 ഉം രൂപയാണ് ഫീസ്. കയാക്കിംഗ് രണ്ടുപേർക്ക് 300 ഉം റാഫ്റ്റിംഗിനു 100 ഉം രൂപയാണ് നിരക്ക്. പാക്കം ചെറിയമല വഴിയും പാൽവെളിച്ചം വഴിയും ദിവസം 244 പേരെയാണ് ദ്വീപിൽ പ്രവേശിപ്പിക്കുന്നത്. നിയന്ത്രണങ്ങളിൽ ഇളവുവരുത്തി കൂടുതൽ സഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കുന്നതിന് നടപടി വേണമെന്ന ആവശ്യം പൊതുവേ ഉയരുന്നുണ്ട്.