സിജി കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെന്റർ ഉദ്ഘാടനം നാളെ
1549200
Friday, May 9, 2025 6:19 AM IST
കൽപ്പറ്റ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യയുടെ(സിജി) നേതൃത്വത്തിൽ മേപ്പാടി ആസ്ഥാനമായി കമ്മ്യൂണിറ്റി ഡവലപ്മെന്റ് സെന്ററർ പ്രവർത്തനം തുടങ്ങുന്നു. സാന്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്നതെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ സുഫൈദ് കൊടക്കൽ, സിജി ജില്ലാ പ്രസിഡന്റ് ഡോ. ബാവ കെ. പാലുകുന്ന്, എസ്. ഉമ്മർ, മജീദ് തെനേരി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സെന്ററിന്റെ ഉദ്ഘാടനം നാളെ രാവിലെ 10ന് മേപ്പാടി അക്ഷര ലൈബ്രറി ഹാളിൽ ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പദ്ധതിരേഖ പ്രകാശനം ചെയ്യും. മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു ലോഗോ പ്രകാശനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മൂപ്പൈനാട്പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ, സിജി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.പി. നിസാം, പ്രോജക്ട് ഡയറക്ടർ കെ. മുഹമ്മദ് ഷാ, മുഹമ്മദ് അലി ഓവിങ്ങൽ, പി.ടി. അഷ്റഫ് തുടങ്ങിയവർ പ്രസംഗിക്കും.
തൊഴിൽ സംരംഭകത്വ പരിശീലനം, ഉപരിപഠന മാർഗനിർദേശം, സാന്പത്തിക സാക്ഷരത, ആരോഗ്യ ബോധവത്കരണം തുടങ്ങിയ മേഖലകളിൽ സൗജന്യ സേവനം സെന്റർ മുഖേന ലഭ്യമാക്കും.
ദിവസ വേതന തൊഴിലാളികൾ, കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് സർക്കാർ, സർക്കാർ ഇതര ഏജൻസികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു സംരംഭങ്ങൾ എന്നിവയുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.