ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് വയനാട്ടിൽ ഉജ്ജ്വ സ്വീകരണം
1548925
Thursday, May 8, 2025 6:22 AM IST
മാനന്തവാടി: സംസ്ഥാന കായിക വകുപ്പ് ’കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ്’ എന്ന പേരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സന്ദേശയാത്രയ്ക്ക് ജില്ലയിൽ ഉജ്വല സ്വീകരണം. കായികമന്ത്രി വി. അബ്ദുറഹ്മാൻ നയിക്കുന്ന യാത്രയുടെ മൂന്നാം ദിവസത്തെ പ്രയാണത്തിന് മാനന്തവാടിയിലായിരുന്നു തുടക്കം. യാത്രയ്ക്ക് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു അഭിവാദ്യം അർപ്പിച്ചു.
യാത്രയുടെ ഭാഗമായി രാവിലെ പനമരം ടൗണിൽനിന്നു വള്ളിയൂർക്കാവ് ജംഗ്ഷനിലേക്ക് നടന്ന മാരത്തണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളും മുതിർന്നവരും അടക്കം നൂറിലധികം ആളുകൾ പങ്കെടുത്തു. വള്ളിയൂർക്കാവ് ജംഗ്ഷനിൽനിന്നു ഗാന്ധി പാർക്കിലേക്ക് നടന്ന വാക്കത്തോണിൽ കലാകായിക രൂപങ്ങളുടെ പ്ലോട്ടുകളുമായി നിരവധിയാളുകൾ അണിനിരന്നു. സുംബ നൃത്തത്തോടെയാണ് മാരത്തണും വാക്കത്തോണും ആരംഭിച്ചത്.
ഗാന്ധിപാർക്കിൽ കായികമന്ത്രി വി.അബ്ദുറഹ്മാൻ ലഹരി വിരുദ്ധസന്ദേശയാത്ര ജില്ലാതല പ്രയാണം ഉദ്ഘാടനം ചെയ്തു. മനുഷ്യവിപത്തായ ലഹരിയെ നിർമാർജനം ചെയ്യുന്നതിന് ഒറ്റക്കെട്ടായ പോരാട്ടം അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,നഗരസഭാ ചെയർപേഴ്സണ്‍ സി.കെ രത്നവല്ലി, പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം, സംഘാടകസമിതി കണ്‍വീനർ പി.ടി. ബിജു, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗവും സിപിഎംജില്ലാ സെക്രട്ടറിയുമായ കെ. റഫീഖ്, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് എം. മധു, വൈസ് പ്രസിഡന്റ് രഞ്ജിത്ത്, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ രഞ്ജു സുരേഷ്, വി.കെ. സനോജ് എന്നിവർ പങ്കെടുത്തു.