പെർമിറ്റും ടൈം ഷീറ്റും ഇല്ലാതെ കെഎസ്ആർടിസി സർവീസ്: സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
1490600
Saturday, December 28, 2024 7:19 AM IST
കൽപ്പറ്റ: പെർമിറ്റും ടൈം ഷീറ്റും ഇല്ലാതെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതിനെതിരേ ജില്ലയിലെ സ്വകാര്യ ബസ് ഉടമകൾ സമരത്തിനൊരുങ്ങുന്നു. കഐസ്ആർടിസിയുടെ അനധികൃത സർവീസ് തടയുന്നതിന് നടപടി ഉണ്ടാകാത്തപക്ഷം ജനുവരി 15ന് സൂചനാ പണിമുടക്ക് നടത്തുമെന്നും ഇത് ഫലം ചെയ്യുന്നില്ലെങ്കിൽ മാർച്ച് ഒന്നു മുതൽ അനിശ്ചിതകാലം സർവീസ് നിർത്തിവയ്ക്കുമെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെർമിറ്റും ടൈം ഷീറ്റം ഇല്ലാതെ കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നതും തത്പര കക്ഷികളുടെ പരാതികളിൽ സ്വകാര്യ ബസ് ഉടകൾക്ക് വലിയ തുക പിഴ ചുമത്തുന്നതും അവസാനിപ്പിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം നൽകിയതായി അവർ പറഞ്ഞു.
പെർമിറ്റും ടൈം ഷീറ്റും ഇല്ലാതെ കഐസ്ആർടിസി നടത്തുന്ന സർവീസുകൾ ജില്ലയിൽ സ്വകാര്യ ബസ് വ്യവസായത്തെ തളർത്തുകയാണ്. കൽപ്പറ്റ-മാനന്തവാടി, കൽപ്പറ്റ-പടിഞ്ഞാറത്തറ റൂട്ടുകളിലാണ് കെഎസ്ആർടിസിയുടെ അനധികൃത സർവീസുകളിൽ അധികവും. പെർമിറ്റും ടൈംഷീറ്റും ബാധകമല്ലെന്ന നിലപാടിലാണ് കഐസ്ആർടിസി അധികൃതർ. ഇതിനുനേരേ ഉത്തരവാദപ്പെട്ടവർ കണ്ണടയ്ക്കുകയാണ്.
ദേശസാത്കരിക്കാത്ത റൂട്ടുകളിൽ സ്റ്റേജ് കാരേജ് സർവീസ് നടത്തുന്നതിന് കെഎസ്ആർടിസി ബസുകൾക്കും പെർമിറ്റും ടൈം ഷീറ്റും ആവശ്യമാണെന്ന് 2019ൽ ഹൈക്കോടതി വ്യക്തമാക്കിയതാണ്. ഇതിനു അനുസൃതമായി സർവീസ് നടത്താൻ കെഎസ്ആർടിസ് കൂട്ടാക്കുന്നില്ല. അടിസ്ഥാനമില്ലാത്ത പരാതികളിൽ തെറ്റിദ്ധരിച്ചാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ സ്വകാര്യ ബസ് ഉടമകളെ വേട്ടയാടുന്നത്.
അറിയിപ്പുപോലും ഇല്ലാതെ വിവിധ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് തുടങ്ങുന്നത് സ്വകാര്യ ബസ് വ്യവസായം പ്രതിസന്ധിയിലാക്കുകയാണ്. പലരും ധനകാര്യ സ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത് വാങ്ങിയതാണ് ബസുകൾ. ജില്ലയിൽനിന്നു കോഴിക്കോട്ടേക്കും തിരിച്ചും 36 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. നിലവിൽ 15 ബസുകളാണ് ഓടുന്നത്. പിടിച്ചുനിൽക്കാൻ കഴിയാതെയാണ് മറ്റ് ബസ് ഉടമകൾ രംഗം വിട്ടത്. ജില്ലയ്ക്കകത്ത് സർവീസ് നടത്തിയിരുന്ന 400 ബസുകളിൽ 50 എണ്ണം ഓട്ടം നിർത്തിയിരിക്കയാണ്.
കോഴിക്കോടുനിന്നു വയനാട്ടിലേക്കുള്ള അവസാന ബസ് വൈകുന്നേരം 5.45നാണ്. ഇതിനുശേഷം ജില്ലയിലേക്കുള്ള സർവീസുകൾ കെഎസ്ആർടിസി ചുരുക്കുകയാണ്. ഇത് യാത്രക്കാർക്ക് വലിയ പ്രയാസം സൃഷ്ടിക്കുകയാണെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി എം.എം. രഞ്ജിത്ത് റാം, സംസ്ഥാന കമ്മിറ്റിയംഗം അബൂബക്കർ സിദ്ദിഖ്, വൈത്തിരി താലൂക്ക് സെക്രട്ടറി എൻ.ജെ. ചാക്കോ, കെ.എസ്. സതീശ് എന്നിവർ പങ്കെടുത്തു.