’തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിക്ക് തുടക്കം
1490589
Saturday, December 28, 2024 7:19 AM IST
മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപ്പൊട്ടൽ ദുരിതബാധിതരായ വിദ്യാർഥികളുടെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുകൊണ്ട് ടി. സിദ്ദിഖ് എംഎൽഎ നടപ്പാക്കുന്ന ’തളിർ’ പ്രത്യേക വിദ്യാഭ്യാസ വികസന പദ്ധതിക്ക് ദ്വിദിന ക്യാന്പോടുകൂടി തുടക്കമായി. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
മേപ്പാടി പഞ്ചായത്തിലെ സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാർഥികൾക്കായി നടപ്പാക്കുന്ന പദ്ധതി, അവരുടെ അഭിരുചികൾ തിരിച്ചറിഞ്ഞുകൊണ്ട് വിദ്യാർഥികളെ ഉന്നത സർവകലാശാലകളിലേക്കും മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ക്യാന്പിന്റെ ആദ്യദിനത്തിൽ ഡോ. ജോണ്ലാൽ, മുഹമ്മദ് അജ്മൽ, എ. ഇർഷാദ്, ഡോ. രാജീവ് മുതലായവർ ക്ലാസുകൾ നയിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള എഴുപത്തിലധികം വിദ്യാർഥികൾ ക്യാന്പിൽ പങ്കെടുത്തു.
മേപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു, വീ കാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് സിഇഒ അഖിൽ കുര്യൻ, ക്യാന്പ് കോഓർഡിനേറ്റർമാരായ അപർണ ജോസ്, ഇ.എസ്. സൽകുമാർ, സി.ജി. അതുൽകൃഷ്ണ, രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ചടങ്ങിൽ സംവദിച്ചു.