കോളജ് വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു
1490327
Friday, December 27, 2024 10:01 PM IST
പനത്തടി: കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ കോളജ് വിദ്യാർഥി മുങ്ങിമരിച്ചു. ബളാന്തോട് കോയത്തടുക്കം ആദംവെങ്ങാക്കൽ രാജൻ-ഷിജി ദമ്പതികളുടെ മകനും രാജപുരം സെന്റ് പയസ് ടെൻത് കോളജിലെ രണ്ടാംവർഷ ബിബിഎ വിദ്യാർഥിയുമായ എ.ആർ. രാഹുൽ (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം.
ബളാന്തോട് മായത്തി ഭഗവതി ക്ഷേത്രത്തിന് സമീപം പുഴയിൽ കുളിക്കാനും മീൻ പിടിക്കാനുമായി രണ്ടു സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു രാഹുൽ. മരത്തിൽനിന്നും പുഴയിലേക്ക് എടുത്തുചാടിയപ്പോൾ കാൽ ചെളിയിൽ പുതഞ്ഞതുകാരണം മുകളിലേക്ക് വരാൻ സാധിച്ചില്ല. കൂട്ടുകാരുടെ നിലവിളി കേട്ടതിനെത്തുടർന്ന് നാട്ടുകാർ എത്തി കരയ്ക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
നീന്തൽ അറിയാവുന്ന രാഹുൽ വീട്ടിൽനിന്നും ഒരു കിലോമീറ്റർ അകലെയുള്ള ഈ പുഴയിൽ കുളിക്കാൻ വരാറുള്ളതാണ്. ബളാന്തോട് ഗവ. സ്കൂളിൽ എൻഎസ്എസ് സപ്തദിന സഹവാസക്യാന്പിൽ പങ്കെടുത്ത രാഹുൽ വ്യാഴാഴ്ചയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സഹോദരൻ: അഖിൽ(വിദ്യാർഥി, ബളാന്തോട് ജിഎച്ച് എസ്എസ്).