സംസ്ഥാനതല സർഗോത്സവം: 501 അംഗ സംഘാടക സമിതി രൂപീകരിച്ചു
1482180
Tuesday, November 26, 2024 5:53 AM IST
കൽപ്പറ്റ: പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റസിഡൻഷൻ സ്കൂൾ, പോസ്റ്റ് പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന എട്ടാമത് സംസ്ഥാനതല സർഗോത്സവം സംഘടിപ്പിക്കുന്നതിന് 501 അംഗ സംഘാടക സമിതി രൂപീകരിച്ചു.
മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പട്ടികജാതി പട്ടികവർഗപിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഡിസംബർ 27 മുതൽ 29 വരെയാണ് കലാമേള അരങ്ങേറുക. മന്ത്രി ഒ.ആർ. കേളു, മാനന്തവാടി നഗരസഭാ ചെയർപേഴ്സണ് സർഗോത്സവം 2024 ന്റെ ലോഗോ, പോസ്റ്റർ എന്നിവ നൽകി പ്രകാശനം ചെയ്തു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ എംആർഎസ്, പോസ്റ്റ് പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുള്ള 2000 ത്തോളം വിദ്യാർഥികൾ സർഗോത്സവത്തിൽ പങ്കെടുക്കും. ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 31 ഇന മത്സരങ്ങളാണ് നടക്കുക. വകുപ്പ് മന്ത്രി ഒ.ആർ. കേളു മുഖ്യരക്ഷാധികാരിയും അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ, എംപി, എംഎൽഎമാർ, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, ജില്ലാ പോലീസ് മേധാവി എന്നിവർ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ചെയർമാനും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ കണ്വീനറും 16 അംഗ സബ് കമ്മിറ്റികൾ ഉൾപ്പെടെ 501 അംഗ സംഘാടക സമിതിയാണ് രൂപീകരിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, പട്ടികവർഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ വൈ. ബിപിൻദാസ്, ജില്ലാ പ്രോജക്ട് ഓഫീസർ ജി. പ്രമോദ്, മാനന്തവാടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ബി.സി. അയ്യപ്പൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.