പെരിക്കല്ലൂരിൽ കെഎസ്ആർടിസി ഓപറേറ്റിംഗ് സെന്റർ ആരംഭിക്കാൻ നടപടിയായില്ല
1481985
Monday, November 25, 2024 6:25 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂരിൽ ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയായിട്ടും കെഎസ്ആർടിസി ബസ് ഓപറേറ്റിഗ് സെന്റർ ആരംഭിക്കാൻ നടപടിയായില്ല.
പെരിക്കല്ലൂരിൽ ബസ് സ്റ്റാൻഡ് നിർമാണത്തിനു മുളളൻകൊല്ലി പഞ്ചായത്തിന്റെ കൈവശം രണ്ട് എക്കർ സ്ഥലമാണുള്ളത്. ഇതിൽ ഒരു ഏക്കർ പെരിക്കല്ലൂർ സെന്റ് തോമസ് ദേവാലയം സൗജന്യമായി നൽകിയതാണ്. പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയതാണ് ബാക്കി ഭൂമി.
ബസ്സ്റ്റാൻഡ് യാർഡ് നിർമാണത്തിന് 50 ലക്ഷം രൂപ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ചിരുന്നു. ഈ തുക വിനിയോഗിച്ച് യാർഡ് നിർമാണം പൂർത്തിയാക്കി. ഇവിടെ രണ്ടു കെട്ടിടങ്ങൾ നിർമിച്ച് കെഎസ്ആർടിസി ജീവനക്കാർക്ക് താമസ സൗകര്യവും ഒരുക്കി.
പെരിക്കല്ലൂരിൽനിന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കെഎസ്ആർടിസി സർവീസുണ്ട്. സ്ഥലം ഏറ്റെടുത്ത് ഓപറേറ്റിംഗ് സെന്റർ തുടങ്ങാൻ കോർപറേഷൻ അധികൃതർ വിമുഖത കാട്ടുന്നതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.