വീട്ടുമുറ്റത്ത് നെൽകൃഷി ചെയ്ത് മാതൃകയായി കർഷകൻ
1481765
Sunday, November 24, 2024 7:26 AM IST
പുൽപ്പള്ളി: നെൽകൃഷിയിൽ നിന്ന് കർഷകർ പിൻമാറുന്പോഴും നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടുമുറ്റത്ത് നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ് പുൽപ്പള്ളി പഞ്ചായത്തിലെ താന്നിത്തെരുവ് തുറപ്പുറത്ത് യോഹന്നാൻ എന്ന കർഷകൻ.
വീടിനോട് ചേർന്ന് മുൻ ഭാഗത്തായി അഞ്ച് സെന്റ് സ്ഥലത്താണ് രണ്ട് ടിപ്പർ നിറയെ മണ്ണ് കൊണ്ടുവന്ന് നിരത്തി വരന്പുകളായി തിരിച്ചാണ് യോഹന്നാനും ഭാര്യ ലില്ലിയും നെൽകൃഷിയിറക്കിയിരിക്കുന്നത്. പരന്പരാഗത കൃഷിരീതിയിൽ തന്നെ പാടങ്ങളിൽ വെള്ളം നിറച്ച് ഞാറ് നടാൻ പാകമാക്കി ഒരുക്കി നെൽകൃഷിക്ക് സജ്ജമാക്കി.
ആറ് മാസം വളർച്ചയുള്ള നെല്ലിനമായ അന്നപൂർണ വിത്തിനമാണ് നെൽകൃഷിക്ക് ഉപയോഗിച്ചത്. ഇപ്പോൾ കതിരിട്ട് നിൽക്കുന്ന നെൽചെടികൾ കാണാൻ നിരവധിയാളുകളാണ് വീട്ടിൽ എത്തുന്നതെന്ന് യോഹന്നാൻ പറഞ്ഞു. കൃഷി നഷ്ടമാണെന്ന പേരിൽ ഏക്കർ കണക്കിന് കർഷകർ നെൽകൃഷി ചെയ്യാതെ പാടങ്ങൾ മറ്റ് കൃഷികൾക്ക് ഉപയോഗിക്കുന്പോഴാണ് ഉള്ള സ്ഥലത്ത് വളരെ നല്ല രീതിയിൽ നെൽകൃഷി ചെയ്യാമെന്ന് ഈ കർഷകൻ തെളിയിച്ചിരിക്കുന്നത്. വരും വർഷങ്ങളിൽ കുടുതൽ സ്ഥലത്ത് പൂർണമായും ജൈവരീതിയിൽ നെൽകൃഷി ചെയ്യാൻ തയാറെടുപ്പിലാണ്. കൃഷിയിടത്തിലെ പണികളെല്ലാം സ്വന്തമായാണ് ചെയ്യുന്നത്.
യോഹന്നാന്റെ വീട്ടുമുറ്റത്ത് ചെയ്ത നെൽകൃഷിയെപ്പറ്റി കേട്ടറിഞ്ഞ് കൃഷി രീതികൾ പഠിക്കാനും നിരവധിയാളുകൾ വീട്ടിലെ കൃഷിയിടത്തിൽ എത്താറുണ്ടെന്നും അന്യംനിന്ന് പോകുന്ന നെൽകൃഷിയെ തിരിച്ചുകൊണ്ടുവരാൻ കർഷകർ തയാറാകണമെന്നാണ് ഈ കർഷകന് പറയാനുള്ളത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവരുടെ നിർദേശങ്ങൾ അനുസരിച്ചാണ് കൃഷി രീതികൾ അവലംബിക്കുന്നതെന്നും കർഷകൻ പറഞ്ഞു.