വോട്ട് കുറഞ്ഞെങ്കിലും തലകുനിക്കാതെ എൻഡിഎ
1481772
Sunday, November 24, 2024 7:27 AM IST
കൽപ്പറ്റ: വയനാട് മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞെങ്കിലും തല കുനിക്കാതെ എൻഡിഎ. പ്രിയങ്ക ഗാന്ധിയെയും സത്യൻ മൊകേരിയെയും നേരിടാൻ കോഴിക്കോട് കോർപറേഷൻ കൗണ്‍സിലറും മഹിളാമോർച്ച നേതാവുമായ നവ്യ ഹരിദാസിനെ ഇറക്കിയ എൻഡിഎ കാഴ്ചവച്ചത് മോശമല്ലാത്ത പ്രകടനം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഒഴികെ വന്പൻമാർ എത്തിയില്ലെങ്കിലും മണ്ഡലത്തിലെ അംഗബലം തെരഞ്ഞെടുപ്പിലൂടെ എൻഡിഎ അടയാളപ്പെടുത്തി. ഏഴ് നിയോജകമണ്ഡലങ്ങളിലുമായി 1,09,939 വോട്ട്(11.48 ശതമാനം)നവ്യ ഹരിദാസിനു നേടാനായി. പൊതു തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രൻ 1,41,045 വോട്ടാണ് നേടിയത്. ഇതിനൊപ്പം എത്താനായില്ലെങ്കിലും എൻഡിഎ ക്യാന്പിൽ ആഹ്ലാദത്തിനു കുറവില്ല. പോൾ ചെയ്തതിൽ 10-12 ശതമാനം വോട്ടാണ് എൻഡിഎ പ്രതീക്ഷിച്ചത്.
ചിട്ടയായ പ്രചാരണമാണ് മണ്ഡലത്തിലെ കുഗ്രാമങ്ങളിലും പട്ടികവർഗ ഉന്നതികളിലും ഉൾപ്പെടെ മുന്നണി കാഴ്ചവച്ചത്. സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രസരിപ്പും മനസുതുറന്നുള്ള സംസാരവും സ്ത്രീ വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തി. മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളും ഇടത്, വലത് മുന്നണികളുടെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് എൻഡിഎ പ്രവർത്തകർ വോട്ടർമാരെ സമീപിച്ചത്.
മണ്ഡലത്തിൽ ബിജെപിയുടെ അടിത്തറ ബലപ്പെടുകയാണെന്നാണ് നേതാക്കളുടെ വിലയിരുത്തൽ. 2019ൽ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥി ബിഡിജഐസിലെ തുഷാർ വെള്ളപ്പള്ളിക്ക് 78,590 വോട്ടാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ട് നേടിയെങ്കിലും എൻഡിഎയ്ക്കു കെട്ടിവച്ച പണം കിട്ടില്ല.