മാതൃവേദി മുള്ളൻകൊല്ലി മേഖലാ വാർഷികം നടന്നു
1482176
Tuesday, November 26, 2024 5:53 AM IST
പുൽപ്പള്ളി: "എന്നമ്മ സൂപ്പറാണ്' എന്നു പേരിട്ട മാതൃവേദി മുള്ളൻകൊല്ലി മേഖല വാർഷികം ശിശുമല ഉണ്ണീശോ പള്ളിയിൽ ആഘോഷിച്ചു. വാർഷികം ഉദ്ഘാടനം മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം നിർവഹിച്ചു. ആധുനിക സമൂഹത്തിൽ അമ്മമാരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും ഓരോ അമ്മയും കൈവരിക്കേണ്ട ശേഷികളെക്കുറിച്ചും അമ്മമാരെ ഉദ്ബോധിപ്പിച്ചു.
വിശുദ്ധകുർബാനയ്ക്കുശേഷം ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിച്ച പൊതു സമ്മേളനത്തിന് മാതൃവേദി മേഖലാ പ്രസിഡന്റ് സിൽവി ഏഴുമായിൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ. ബിജു മാവറ, മുള്ളൻകൊല്ലി ഫൊറോന വികാരി ഫാ. ജസ്റ്റിൻ മൂന്നനാൽ അനുഗ്രഹ പ്രഭാഷണം നടത്തി. മാതൃവേദി രൂപത പ്രസിഡന്റ് ഫിലോ ചേലക്കൽ മേഖല മാർഗരേഖ പ്രകാശനം നിർവഹിച്ചു. മേഖല സെക്രട്ടറി സൗമി പ്ലാക്കിയിൽ റിപ്പോർട്ടും മേഖലാ വൈസ് പ്രസി മെറിൽ കൈപ്പള്ളിയിൽ കണക്കും അവതരിപ്പിച്ചു.
മേഖലയിലെ വിവാഹ ജീവിതത്തിന്റെ സുവർണ ജൂബിലി, രജത ജൂബിലി എന്നിവ ആഘോഷിക്കുന്ന ദന്പതിമാരെ ആദരിച്ചു. സംസ്ഥാന അവാർഡ് നേടിയ മികച്ച കർഷകരായ റോയി കവളക്കാട്ടും തോമസ് പുളിക്കക്കുന്നിലിനേയും ആദരിച്ചു. മികച്ച യൂണിറ്റുകൾക്കുള്ള സമ്മാനദാനവും നൽകി. പുതിയ ഭാരവാഹികളായി പ്രസിഡന്റ് മേഴ്സി ബെന്നി അമരികാട്ടും സെക്രട്ടറിയായി സിൽവി ജോയ് എഴുമായിലും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും തെരഞ്ഞെടുക്കപ്പെട്ടു. വിവിധ യൂണിറ്റുകളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു. രൂപതാ അനിമേറ്റർ സിസ്റ്റർ ഷോളി എസ്കെഡി, മേഖലാ അനിമേറ്റർ സിസ്റ്റർ ജെയിൻ എസ്എബിഎസ് എന്നിവർ പ്രസംഗിച്ചു.