കൊളവള്ളിയെ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ നടപടി വേണമെന്ന്
1481761
Sunday, November 24, 2024 7:26 AM IST
പുൽപ്പള്ളി: കബനി നദിയും വനവും പാടങ്ങളും ഒരേ കാഴ്ചയിൽ ആസ്വദിക്കാൻ കഴിയുന്ന സ്ഥലമായ കൊളവള്ളിയെ ടൂറിസ്റ്റ് കേന്ദ്രമായി ഉയർത്താൻ നടപടി വേണമെന്ന് ആവശ്യം ഉയരുന്നു.
മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളി ടൂറിസ്റ്റ് കേന്ദ്രം അല്ലെങ്കിൽപോലും നിരവധി സഞ്ചാരികളാണ് നിത്യേന ഇവിടെ എത്തുന്നത്. കേരള കർണാടക അതിർത്തിയോട് ചേർന്ന് കബനി നദിയും കന്നാരംപുഴയും സംഗമിക്കുന്ന കൊളവള്ളി പാടത്ത് 35 ഏക്കർ വരുന്ന ഭൂമി ടൂറിസ്റ്റ് പദ്ധതിക്കായി ഉൾപ്പെടുത്തണമെന്നാണ് ആവശ്യം ഉയരുന്നത്.
വർഷങ്ങളായി തരിശായി കിടക്കുന്ന ഈ സ്ഥലത്തിന്റെ വിവിധ ഭാഗങ്ങൾ കാടുമൂടി കിടക്കുകയാണ്. ടൂറിസം പദ്ധതി നടപ്പാക്കിയാൽ പ്രദേശവാസികളായ ഗോത്ര സമൂഹത്തിന് ഇതുവഴി ജീവിത പുരോഗതി കൈവരിക്കാൻ കഴിയും. കബനിനദിയിൽ ജലസവാരി, നദിക്കരയിൽ വയോജനങ്ങൾക്കും കുട്ടികൾക്കും പാർക്കുകൾ, കളിസ്ഥലങ്ങൾ, ഗ്രാമീണ ഭക്ഷണശാലകൾ, മീൻപിടിത്തം ഉൾപ്പെടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ജില്ല ടൂറിസം പ്രോമോഷൻ കൗണ്‍സിൽ പദ്ധതികൾ തയാറാകണം.
കബനി നദിയും കർണാടകയിലെ കടുവ സങ്കേതവും അതിർത്തി പങ്കിടുന്ന കബനി പുഴയോരത്ത് ആനയും മാനും മയിലും ഉൾപ്പെടെയുള്ള നിരവധി വന്യമൃഗങ്ങൾ കൂട്ടമായി എത്തുന്നത് പതിവ് കാഴ്ചയാണ്. ഈ മേഖലയെ ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്താൻ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ സർക്കാരിൽശ്രമം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.