കുരുമുളക് ചെടികൾക്ക് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു
1481766
Sunday, November 24, 2024 7:26 AM IST
പുൽപ്പള്ളി: വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കെ കുടിയേറ്റ മേഖലയിൽ കുരുമുളകിന് മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്. വരൾച്ചയും കൃഷിനാശവും കീടബാധയെയും തുടർന്ന് കുരുമുളക് കൃഷി പൂർണമായി നശിച്ചതിനെത്തുടർന്ന് വർഷങ്ങൾക്ക് ശേഷം ബാങ്കുകളിൽ നിന്നു വായ്പ എടുത്തും തനിവിളയായിപുനർ കൃഷി ചെയ്ത കുരുമുളക് തോട്ടങ്ങളിലും മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുകയാണ്.
കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കൃഷിയിടത്തിലെത്തി മണ്ണ് പരിശോധിച്ച ശേഷം നിരവധി കീടനാശിനികൾ കുരുമുളകിന്റെ ചുവട്ടിലും തണ്ടിലും തളിച്ചിട്ടും രോഗം വർധിക്കുകയാണെന്നാണ് കർഷകർ പറയുന്നത്. മൂന്ന് മുതൽ നാല് വർഷമാകുന്പോഴാണ് കുരുമുളക് ചെടികൾ ആദായം നൽകിത്തുടങ്ങുക. എന്നാൽ വിളവെടുപ്പിന് മുൻപേ രോഗം വന്ന് ചെടികൾ നശിക്കുകയാണ്.
കുരുമുളകിന്റെ ഇലകളും തണ്ടുകളും പഴുത്ത് നശിക്കുന്നതുമൂലം കുരുമുളക് തിരികൾ മൂപ്പെത്തും മുൻപ് പറിച്ചു ഒഴിവാക്കേണ്ട അവസ്ഥയാണ്. അടിയന്തരമായി മഞ്ഞളിപ്പ് രോഗം പ്രതിരോധിക്കാനാവശ്യമായ കീടനാശികൾ കണ്ടെത്താൻ കൃഷി വകുപ്പ് തയാറായില്ലെങ്കിൽ കുരുമുളക് കൃഷി വീണ്ടും ഇല്ലാതാകുമെന്ന അവസ്ഥയാണെന്നാണ് കർഷകർ പറയുന്നത്. പ്രതിസന്ധി ഘട്ടത്തിൽ കർഷകരെ സഹായിക്കേണ്ട കൃഷിവകുപ്പ് രോഗ പതിരോധത്തിനാവശ്യമായ നടപടികൾ സ്വീകരിക്കില്ലെന്നാണ് കർഷകർ പറയുന്നത്.